‘പ്രിയങ്ക ഗാന്ധി അതീവ സുന്ദരി, അല്പം നേരത്തെ വന്നിരുന്നെങ്കില്‍ എന്റെ സിനിമയില്‍ ഞാന്‍ അഭിനയിപ്പിച്ചേനെ’; വിവാദ പരാമര്‍ശവുമായി ഷിയാ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ വെച്ച് നടന്ന കോണ്‍ഫറന്‍സിലാണ് ഈ വിവാദ പരാമര്‍ശം നടത്തിയത്

ഫൈസാബാദ്: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശവുമായി കേന്ദ്ര ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി. പ്രിയങ്ക അതീവ സുന്ദരി ആണെന്നും അവര്‍ നേരത്തേ വന്നിരുന്നെങ്കില്‍ തന്റെ സിനിമയില്‍ അവരെ അഭിനയിപ്പിച്ചേനേ എന്നാണ് വസീം റിസ്‌വി പറഞ്ഞത്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ വെച്ച് നടന്ന കോണ്‍ഫറന്‍സിലാണ് ഈ വിവാദ പരാമര്‍ശം നടത്തിയത്.

‘പ്രിയങ്ക ഗാന്ധി അതീവ സുന്ദരിയായ സ്ത്രീയാണ്. അവര്‍ അല്‍പം നേരത്തേ വന്നിരുന്നെങ്കില്‍ എന്റെ സിനിമയില്‍ അവരെ ഞാന്‍ അഭിനയിപ്പിച്ചേനെ. ഒരു മുസ്ലീം കഥാപാത്രമായിരുന്നു അത്. രാം കീ ജന്മഭൂമിയെന്ന ചിത്രത്തില്‍ ജാഫര്‍ ഖാന്റെ ഭാര്യയുടെ വേഷം ചെയ്യാന്‍ പ്രിയങ്കയെ തീര്‍ച്ചയായും ക്ഷണിക്കുമായിരുന്നു’ അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് വസീം റിസ്‌വി.

അതേ സമയം രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷമുള്ള റിസ്‌വിയുടെ ഈ വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷറാദ് ശുക്ല ഇതിനെതിരെ പരാതി നല്‍കുകയും ചെയ്തു. പരാതിക്ക് പിന്നാലെ സെക്ഷന്‍ 354, 309 വകുപ്പുകള്‍ ചുമത്തി പോലീസ് വസീം റിസ്‌വിയ്‌ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തു.

Exit mobile version