സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടും രക്ഷയില്ല; എന്‍ടി രാമറാവുവിന്റെ ബയോപിക് ചിത്രത്തിന്റെ റിലീസ് മാറ്റണമെന്ന് ടിഡിപി

തെലുങ്കിലെ പ്രശസ്ത നടനും ആന്ധ്രാ പ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയുമായിരുന്നു അന്തരിച്ച എന്‍ടി രാമറാവു

അമരാവതി: രണ്ട് ദിവസം മുന്‍പ് സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച തെലുങ്ക് ചിത്രം ‘ലക്ഷിമീസ് എന്‍ടിആര്‍’ എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ടിഡിപി ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടു. ചിത്രം ഇപ്പോള്‍ റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നാണ് ടിഡിപിയുടെ ആരോപണം.

ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വൈഎസ്ആര്‍സിപി പാര്‍ട്ടി അംഗമായ രാകേഷ് റെഡ്ഡിയാണ്. ടിഡിപിയുടെ എതിര്‍ പാര്‍ട്ടിയാണ് വൈഎസ്ആര്‍സിപി. രാം ഗോപാല്‍ വര്‍മ്മയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രം 29 ന് റിലീസ് ചെയ്യുമെന്നാണ് നേരത്തേ രാം ഗോപാല്‍ വര്‍മ്മ പറഞ്ഞിരിക്കുന്നത്.

ചിത്രത്തിന്റെ ഇതിവൃത്തം എന്‍ടിആറിന്റെ രണ്ടാമത്തെ കല്യാണവും ഭാര്യ ലക്ഷ്മിയെയും കുറിച്ചുമാണ്. ഇത് എന്‍ടിആറിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നും ഇത് ആന്ധ്ര പ്രദേശിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും ടിഡിപി പറഞ്ഞു. ഇലക്ഷന്‍ കഴിയുന്നത് വരെ ചിത്രത്തിന്റെ റിലീസ് തടഞ്ഞ് വെക്കണമെന്നാണ് ടിഡിപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തെലുങ്കിലെ പ്രശസ്ത നടനും ആന്ധ്രാ പ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയുമായിരുന്നു അന്തരിച്ച എന്‍ടി രാമറാവു.

Exit mobile version