വിശ്രമ അവധി വേണ്ട! വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ശ്രീനഗറിലേക്ക് തിരിച്ചുപോകുന്നു

ന്യൂഡല്‍ഹി: ചികിത്സയ്ക്കുശേഷം വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ശ്രീനഗറിലേക്ക് തിരിച്ചെത്തുന്നു. ചികിത്സാഅവധിയില്‍ തുടരുന്നതിനിടെയാണ് അഭിനന്ദന്‍ ശ്രിനഗറിലേക്ക് തിരിച്ചെത്തുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചികിത്സ പൂര്‍ത്തിയാക്കിയ അഭിനന്ദനോട് നാല് ആഴ്ചത്തെ വിശ്രമ അവധിയില്‍ പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഈ കാലയളവില്‍ ചെന്നൈയില്‍ തന്റെ കുടുംബത്തിന്റെ കൂടെ താമസിക്കന്‍ അഭിനന്ദന് കഴിയും. എന്നാല്‍ തന്റെ സൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുള്ള ശ്രീനഗറിലേക്ക് തിരിച്ചു പോകാന്‍ അഭിനന്ദന്‍ തീരുമാനിക്കുകയായിരുന്നെന്ന് വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി 27 നാണ് പാകിസ്താന്‍ യുദ്ധ വിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ് 21 വിമാനം തകര്‍ന്ന് അഭിനന്ദന്‍ പാകിസ്താന്‍ സൈന്യത്തിന്റെ പിടിയിലാവുന്നത്. പിടിയിലാവുന്നതിന് മുന്‍പ് പാകിസ്താന്റെ എഫ്-16 വിമാനം അഭിനന്ദന്‍ വെടിവെച്ച് വീഴ്ത്തിയിരുന്നു. തുടര്‍ന്ന് പാകിസ്താന്‍ സൈന്യത്തിന്റെ പിടിയിലായ അഭിനന്ദനെ പിന്നീട് ഇന്ത്യക്ക് കൈമാറുകയായിരുന്നു.

Exit mobile version