സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ അസീമാനന്ദ ഉള്‍പ്പടെ നാല് പ്രതികളെയും വെറുതെ വിട്ടു; ഇന്ത്യയോട് വിശദീകരണം തേടി പാകിസ്താന്‍

ന്യൂഡല്‍ഹി: സംഝോത തീവണ്ടി സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പടെ നാലുപ്രതികളെ വെറുതെ വിട്ട് പ്രത്യേക കോടതി ഉത്തരവ്. ലോകേഷ് ശര്‍മ്മ, രജീന്ദര്‍ ചൗധരി,കമല്‍ ചൗഹാന്‍ തുടങ്ങിയവരേയാണ് കോടതി വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ഇന്ത്യയേയും പാകിസ്താനേയും ബന്ധിപ്പിക്കുന്ന സംഝോത എക്‌സ്പ്രസില്‍ 2007 ഫെബ്രുവരി 18ന് ഉണ്ടായ സ്‌ഫോടനത്തില്‍ 68പേരാണ് കൊല്ലപ്പെട്ടത്. പാകിസ്താനിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് സ്‌ഫോടനമുണ്ടായത്. ഹരിയാനയിലെ പാനിപത്തില്‍ വെച്ച് ഓടിക്കൊണ്ടിരിക്കെയായിരുന്നു സ്‌ഫോടനം.

പാകിസ്താന്‍ പൗരന്മാര്‍ കൂടി കൊല്ലപ്പെട്ട സ്‌ഫോടനത്തിലെ 13 പാക് ദൃക്‌സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍ വനിത നല്‍കിയ ഹര്‍ജി തള്ളിയതിനു ശേഷമാണ് എന്‍ഐഎ കോടതി ജഡ്ജി ജഗദീപ് സിങ് വിധി പറഞ്ഞത്.ഹര്‍ജിയില്‍ കഴമ്പില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, നാല് പ്രതികളേയും വെറുതെവിട്ട സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി പാകിസ്താന്‍ രംഗത്തെത്തി. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിക്കുകയായിരുന്നു.

പന്ത്രണ്ട് വര്‍ഷം നീണ്ടു നിന്ന നിയമനടപടിക്ക് ഒടുവിലാണ് കേസില്‍ കോടതി വിധി പറഞ്ഞത്.

Exit mobile version