ഗംഗാ പ്രയാണത്തിനിടെ കോണ്‍ഗ്രസ്-ബിജെപി സംഘര്‍ഷം: ശാസ്ത്രിയുടെ പ്രതിമയില്‍ മാലയണിയിച്ച് പ്രിയങ്ക; മാല ഊരി മാറ്റി, ഗംഗാ ജലം തളിച്ച് ബിജെപി പ്രവര്‍ത്തകര്‍

വരണാസി: ഗംഗാ പ്രയാണത്തിനിടെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. പ്രിയങ്കയുടെ റാലിയില്‍ ബിജെപി പ്രവര്‍ത്തകരെത്തി മുദ്രവാക്യം വിളിച്ചതോടെയാണു പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

കൂടാതെ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ പ്രിയങ്ക മാല അണിയിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ പ്രിയങ്ക അണിയിച്ച മാല ഊരിമാറ്റി, പ്രതിമ ഗംഗാ ജലം ഉപയോഗിച്ച് കഴുകി ശുദ്ധീകരണം നടത്തുകയും ചെയ്തു.

ബിജെപി മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മൂന്ന് ദിവസം കൊണ്ട് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചു ജനങ്ങളെ നേരില്‍ കണ്ടു സംസാരിക്കുകയെന്ന ലക്ഷ്യം വെച്ചു കൊണ്ടാണു ‘സാഞ്ചി ബാത്ത് പ്രിയങ്ക കേ സാത്ത്’ എന്ന പരിപാടി കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.

അലഹബാദിലെ രണ്ട് മണ്ഡലങ്ങള്‍, മിര്‍സാപൂര്‍, ബദോയ്, പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വരാണാസി എന്നിവിടങ്ങളിലാണ് പ്രിയങ്കയുടെ സന്ദര്‍ശനം.

Exit mobile version