സഞ്ജന സിങ് ഇനി സര്‍ക്കാര്‍ ഉദ്യോഗസ്ഥ; മധ്യപ്രദേശില്‍ സര്‍ക്കാര്‍ ജോലി നേടിയ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍

മധ്യപ്രദേശ്: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ജോലി നേടുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡറായി സഞ്ജന സിങ്. സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ കൃഷ്ണ ഗോപാല്‍ തിവാരിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനമാണ് സഞ്ജനയ്ക്ക് ലഭിച്ചിരിക്കുന്നത്.

മാര്‍ച്ച് ഒന്നിനാണ് 36 വയസ്സുകാരിയായ സഞ്ജന പദവി ഏറ്റെടുത്തത്. ജില്ലാ ലീഗല്‍ അതോറിറ്റി അംഗം, ലോക് അദാലത്ത് അംഗം എന്നീ പദവികളും സഞ്ജന വഹിക്കുന്നുണ്ട്. ഇതുവരെയും തീരുമാനമാകാതിരിക്കുന്ന കേസുകള്‍ ജഡ്ജിക്കൊപ്പം കേള്‍ക്കാനും പരിഹാരം നിര്‍ദേശിക്കാനും കൂടി സഞ്ജനയ്ക്ക് അവസരമുണ്ടാകും.

ഭോപ്പാലില്‍ അശോക ഗാര്‍ഡനിലാണ് സഞ്ജനയുടെ താമസം. 12-ാം ക്ലാസിനുശേഷം പഠനം നിര്‍ത്തേണ്ടിവന്നുവെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം പഠനം തുടര്‍ന്ന് ബിരുദവും സഞ്ജന കരസ്ഥമാക്കി.

തിവാരിയുടെ തീരുമാനം ഒരു വലിയ ചുവടുവയ്പാണ്. വരാനിരിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഇനിയും പദവികള്‍ ലഭിച്ചേക്കും. അവസരങ്ങള്‍ ലഭിക്കുന്നതോടെ സമൂഹത്തിനുവേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും കഴിയും- സഞ്ജന പറയുന്നു.

Exit mobile version