പരീക്കറുടെ ചിത കത്തിതീര്‍ന്ന ശേഷം മതിയായിരുന്നു നാണംകെട്ട രാഷ്ട്രീയക്കളി; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന

മുംബൈ: മുന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ സംസ്‌കാരചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമങ്ങള്‍ നടത്തിയ ബിജെപി നേതൃത്വത്തെ വിമര്‍ശിച്ച് സഖ്യകക്ഷിയായ ശിവസേന.

ബിജെപിയുടെ നാണംകെട്ട ഈ രാഷ്ട്രീയക്കളി പരീക്കറുടെ ചിത കത്തി തീര്‍ന്ന ശേഷം മതിയായിരുന്നു എന്നാണ് മുഖപത്രമായ സാംനയില്‍ എഴുതിയ ലേഖനം വിമര്‍ശിക്കുന്നു.

പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തിടുക്കം കാണിച്ച ബിജെപി പരീക്കറുടെ ചിതകത്തിയമരാന്‍ പോലും കാത്തുനിന്നില്ല. ചിത കത്തുമ്പോള്‍ അധികാരമോഹികള്‍ പരസ്പരം കഴുത്തിനു പിടിക്കുകയായിരുന്നു. ധവാലിക്കറിനെയും സര്‍ദേശായിയെയും കോണ്‍ഗ്രസ് സ്വന്തമാക്കുമോയെന്ന ഭയമായിരുന്നു ഇതിനുപിന്നില്‍.

അധികാരത്തിനു വേണ്ടിയുള്ള നാണംകെട്ട കളിയാണിത്- ശിവസേന വിമര്‍ശിക്കുന്നു. 19 എംഎല്‍എമാരടങ്ങുന്ന മുന്നണിയില്‍ രണ്ടു പേരെ ഉപമുഖ്യമന്ത്രിമാരാക്കിയത് നാണക്കേടാണെന്നും ശിവസേന പറയുന്നു.

ചൊവ്വാഴ്ച വരെ ബിജെപി കാത്തുനിന്നിരുന്നെങ്കില്‍ സര്‍ക്കാര്‍ താഴെ വീഴുമായിരുന്നെന്നും ഒരു ഉപമുഖ്യമന്ത്രി കോണ്‍ഗ്രസിലേക്ക് പോകുമായിരുന്നെന്നും ശിവസേന മുഖപത്രത്തില്‍ പറയുന്നു.

Exit mobile version