മോഡിയുടെ ‘ചൗക്കീദാറി’നെ നേരിടാന്‍ ഉറച്ച് ഹാര്‍ദിക് പട്ടേല്‍; ‘ബെരോജ്ഗാര്‍’ ക്യാംപെയ്ന്‍ തരംഗമാകുന്നു

മോഡിയുടെ 'ചൗക്കീദാര്‍' ക്യാപെയ്‌നിന് എതിരായാണ് ഹാര്‍ദിക് പട്ടേലിന്റെ പുതിയ ക്യാംപെയ്ന്‍

ഗാന്ധിനഗര്‍: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ തന്ത്രവുമായി പാട്ടിദാര്‍ നേതാവും ജാംനഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തി. മോഡിയുടെ ‘ചൗക്കീദാര്‍’ ക്യാപെയ്‌നിന് എതിരായാണ് ഹാര്‍ദിക് പട്ടേലിന്റെ പുതിയ ക്യാംപെയ്ന്‍.

‘ബെരോജ്ഗാര്‍’ എന്നാണ് പുതിയ ക്യാപെയ്‌നിന്റെ പേര്. ഇതിനര്‍ത്ഥം ‘തൊഴില്‍രഹിതന്‍’ എന്നാണ്. രാഹുല്‍ഗാന്ധിയുടെ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന പരാമര്‍ശത്തിന്റെ ചുവട് പിടിച്ച് ഞാനും കാവല്‍ക്കാരനാണ് എന്ന പേരില്‍ മോഡി ‘ചൗക്കീദാര്‍’ ക്യാംപെയ്ന്‍ ആരംഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ മോഡിയെ പിന്തുണച്ച് ആയിരക്കണക്കിന് പേരാണ് ചൗക്കീദാര്‍ ക്യാപെയിനില്‍ പങ്കുചേര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ തന്ത്രവുമായി ഹാര്‍ദിക് പട്ടേലിന്റെ നീക്കം. രാജ്യത്തെ ലക്ഷക്കണക്കിന് തൊഴില്‍രഹിതരായ യുവാക്കള്‍ തന്റെ ‘ബെരോജ്ഗാര്‍’ ക്യാപെയ്‌നില്‍ പങ്കുചേരുമെന്നാണ് ഹാര്‍ദിക് പട്ടേലിന്റെ പ്രതീക്ഷ. ഇതിനോടകം തന്നെ നിരവധി പേര്‍ ട്വിറ്ററില്‍ പേരിനൊപ്പം ‘ബെരോജ്ഗാര്‍’ എന്ന് ചേര്‍ത്തുകഴിഞ്ഞു.

അതേ സമയം ഹാര്‍ദിക് പട്ടേലിന്റെ പുതിയ നീക്കം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയതോടെ ബിജെപി പ്രതികരണവുമായി രംഗത്തെത്തി. ആഡംബര കാറില്‍ ചുറ്റിനടക്കുന്ന ഹാര്‍ദിക് എങ്ങനെയാണ് തൊഴില്‍രഹിതനാണെന്ന് പറയാന്‍ പറ്റുമെന്നാണ് ബിജെപി നേതാവായ തപന്‍ തക്കാര്‍ വിമര്‍ശിച്ചത്.

Exit mobile version