ഗോവയില്‍ ബിജെപി ഭരണം തുടരും: സ്പീക്കര്‍ പ്രമോദ് സാവന്ത് പുതിയ മുഖ്യമന്ത്രി,സത്യപ്രതിജ്ഞ ഇന്ന് രാത്രി

പനാജി: ഗോവയില്‍ ഭരണം തുടരാനുറച്ച് ബിജെപി, മുഖ്യമന്ത്രിയായി
സ്പീക്കര്‍ പ്രമോദ് സാവന്തിനെ പ്രഖ്യാപിച്ച് നേതൃത്വം. കഴിഞ്ഞദിവസം മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചതോടെയാണ് പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ തെരഞ്ഞെടുത്തത്. സത്യപ്രതിജ്ഞ ഇന്ന് രാത്രിതന്നെ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ബിജെപി എന്നിവരുമായി നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്പീക്കര്‍ പ്രമോദ് സാവന്തിനെ പരീക്കറുടെ പിന്‍ഗാമിയായി പാര്‍ട്ടി തെരഞ്ഞെടുത്തത്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഗോവയിലെ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാനെ, എംജിപി ചീഫ് സുധിന്‍ ദവലികാര്‍ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാനം വരെ പ്രമോദ് സാവന്തിന്റെ കൂടെ പരിഗണിച്ചിരുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഇവരിലൊരാള്‍ക്ക് നല്‍കി ത്യപ്തിപ്പെടുത്തുമെന്നാണ് പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്ന സൂചന.

സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. ബിജെപിക്ക് എതിരെ ശക്തമായി കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. കഴിഞ്ഞ കുറേ ദിവസമായി മനോഹര്‍ പരീക്കറുടെ ആരോഗ്യനില വഷളായി തുടരുകയും അതിനിടെ ഒരു എംഎല്‍എ മരണപ്പെടുകയും ചെയ്തതോടെ കോണ്‍ഗ്രസ് ഗോവയില്‍ ഭരണം പിടിക്കാന്‍ നീക്കം തുടങ്ങിയിരുന്നു. എന്നാല്‍ ഗവര്‍ണര്‍ കാണാന്‍പോലും സമ്മതിച്ചിരുന്നില്ല.

എന്നാല്‍ പരീക്കര്‍ മരിച്ചതോടെ കോണ്‍ഗ്രസ് ശക്തമായി ഇടപെട്ടു. ഇതിന് പിന്നാലെയാണ് ഗോവയില്‍ പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടുതല്‍ അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ബിജെപിയും അതേസമയം കോണ്‍ഗ്രസും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നാലുതവണ ഗോവന്‍ മുഖ്യമന്ത്രിയായി ഇരിക്കുകയും കൂടാതെ പ്രതിരോധ മന്ത്രിയായി ഇരിക്കുകയും ചെയ്ത പരീക്കര്‍ മരിച്ചതിന് പിന്നാലെ തന്നെ ഇത്തരത്തില്‍ രാഷ്ട്രീയ നീക്കം ഗോവയില്‍ നടക്കുന്നത് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്.

ഇന്നലെ അന്തരിച്ച മനോഹര്‍ പരീക്കറുടെ സംസ്‌കാരം പനജിയില്‍ സൈനിക ബഹുമതികളോടെ നടന്നു. ഗോവയിലെ മിരാമര്‍ ബീച്ചിലാണ് പരീക്കറിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി പരീക്കറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. കൂടാതെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങി ആയിരങ്ങളാണു പരീക്കറിന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി മിരാമര്‍ ബീച്ചിലെത്തിയത്.

Exit mobile version