ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊവിഡ്; ഹോം ഐസൊലേഷനിൽ

പനാജി: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊവിഡ്19 രോഗം സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും അതിനാൽ ഹോം ഐസൊലേഷനാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തു.

അതേസമയം, താനുമായി അടുത്തിടപഴകിയവർ മുൻകരുതലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീട്ടിലിരുന്ന് ഔദ്യോഗിക ജോലികൾ നിർവഹിക്കുമെന്നാണ് പ്രമോദ് സാവന്ത് വ്യക്തമാക്കുന്നത്. രണ്ട് ദിവസങ്ങൾക്കുമുമ്പ് സംസ്ഥാനത്തെ ആരോഗ്യ മന്ത്രിയുമായും റവന്യു മന്ത്രിയുമായും പ്രമോദ് സാവന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.

നേരത്തെ, കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ എന്നിവരും കൊവിഡ് പോസിറ്റീവായിരുന്നു. ഗോവയിൽ ഇതുവരെ 18,000 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേർ മരിക്കുകയും ചെയ്തിരുന്നു.

Exit mobile version