മലയാളിയെ പട്ടാപ്പകല്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി കൊള്ളയടിച്ചു; നാടകീയ സംഭവം

മായാപുരി ഹരിനഗറില്‍ താമസിക്കുന്ന പത്തനംതിട്ട റാന്നി സ്വദേശി ചാണ്ടി തോമസിനെയാണ് മൂന്ന് പേരടങ്ങുന്ന സംഘം നടുറോഡില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചത്.

ന്യൂഡല്‍ഹി: മലയാളിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് കൊള്ളയടിച്ചു. ഇന്ദര്‍പുരി റോഡില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. മായാപുരി ഹരിനഗറില്‍ താമസിക്കുന്ന പത്തനംതിട്ട റാന്നി സ്വദേശി ചാണ്ടി തോമസിനെയാണ് മൂന്ന് പേരടങ്ങുന്ന സംഘം നടുറോഡില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചത്.

ഡല്‍ഹിയില്‍ ബിസിനസുകാരനായ ചാണ്ടി തോമസ് രഞ്ജിത് നഗറിലെ ഓഫീസില്‍ നിന്ന് കൊണാട്ട് പ്ലേസിലേക്ക് കാറില്‍ പോവുകയായിരുന്നു. ഇന്ദര്‍പുരി റോഡിലൂടെ കാറോടിച്ചു പോകുമ്പോള്‍ പിന്നിലൂടെ ബൈക്കിലെത്തിയ യുവാവ് തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയും കൈവീശിയും വണ്ടിനിര്‍ത്താന്‍ ആവശ്യപ്പെട്ടു.

എന്തെങ്കിലും അത്യാവശ്യത്തിനാണെന്നു കരുതി ചാണ്ടി തോമസ് കാര്‍ നിര്‍ത്തുകയായിരുന്നു. ബൈക്ക് നിര്‍ത്തിയ ചെറുപ്പക്കാരന്‍ എന്തോ ചോദിക്കാനെന്നമട്ടില്‍ കാറിന്റെ എതിര്‍വശത്തെത്തി. ചാണ്ടി തോമസ് ഗ്ലാസ് താഴ്ത്തിയപ്പോള്‍ അയാള്‍ അതിലൂടെ കൈയിട്ട് ഡോര്‍ തുറന്ന് ഉടന്‍ അകത്തുകയറി. എന്താണ് കാര്യമെന്നു ചോദിച്ചപ്പോള്‍ തൂവാലകൊണ്ടു മറച്ച പിസ്റ്റള്‍ ചൂണ്ടി കൈയിലുള്ളതെല്ലാം എടുക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്ക് മറ്റു രണ്ടുപേര്‍ ബൈക്കിലെത്തി കാറിനുസമീപം വന്ന് നിര്‍ത്തി. ചാണ്ടി തോമസ് ഉടന്‍ പോക്കറ്റിലുള്ള പതിനായിരം രൂപ യുവാവിനു നല്‍കി.

വിരലില്‍ അണിഞ്ഞ സ്വര്‍ണ്ണ മോതിരം ഊരിനല്‍കണമെന്നായി അവരുടെ അടുത്ത ആവശ്യം. തൊട്ടപ്പുറമുള്ള സിഎസ്‌ഐആര്‍ ഓഫീസിനു സമീപത്ത് രണ്ടു ഗാര്‍ഡുകളുണ്ടായിരുന്നു. അവരെക്കണ്ട ചാണ്ടി തോമസ് കാറിനുള്ളില്‍ നിന്നും ഉറക്കെ നിലവിളിച്ചു. അതുകേട്ട് അവര്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ചെറുപ്പക്കാര്‍ ഉടന്‍ ബൈക്കുകളില്‍ സ്ഥലംവിടുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version