നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആക്രമണ കേസില്‍ മുഖ്യതെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.

മെമ്മറി കാര്‍ഡ് കേസ് രേഖയുടെ ഭാഗമാണോ തൊണ്ടിമുതലാണോ എന്ന കാര്യമാണ് കോടതി പ്രധാനമായും ഇന്ന് പരിശോധിക്കുക. കേസ് രേഖയായി പരിഗണിച്ച് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ട് എന്നാണ് ദിലീപിന്റെ വാദം. എന്നാല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കൈമാറിയാല്‍ നടിക്ക് കോടതിയില്‍ സ്വതന്ത്രമായി മൊഴി നല്‍കാന്‍ കഴിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് വേണമെന്ന ദിലീപിന്റെ ആവശ്യം വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയിയെ സമീപിച്ചത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തിയെന്ന് പറയുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് ലഭിക്കാന്‍ കേസില്‍ ആരോപിതനായ തനിക്ക് അവകാശമുണ്ടെന്നാണ് ദിലീപിന്റെ ഹര്‍ജിയില്‍ ഉള്ളത്.

Exit mobile version