ജയ്‌ഷെ മുഹമ്മദ് തലവനെ ‘മസൂദ് അസര്‍ ജി’ എന്ന് വിളിച്ച് രാഹുല്‍ ഗാന്ധി; വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തോട് മാപ്പ് പറയണമെന്ന് സ്മൃതി ഇറാനി

പ്രസംഗത്തില്‍ 'മസൂദ് അസര്‍ ജി' എന്ന് രാഹുല്‍ ഗാന്ധി പറയുന്ന വീഡിയോ പുറത്തുവിട്ടാണ് ബിജെപിയുടെ ആരോപണം

ന്യൂഡല്‍ഹി: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ, ‘മസൂദ് ജി’ എന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വിവാദത്തിലേക്ക്. ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയതിന് രാഹുല്‍ ഗാന്ധി പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. എന്നാല്‍ മസൂദ് അസറിനെ വിട്ടയച്ചത് ആരാണെന്ന രാഹുലിന്റെ ചോദ്യത്തിന് ബിജെപി ആദ്യം മറുപടി കൊടുക്കണമെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിലാണ് ബിജെപി ഭരണകാലത്താണ് മസൂദ് അസറിനെ വിട്ടയച്ചതെന്ന് പറഞ്ഞത്. കാണ്ഡഹാര്‍ വിമാനറാഞ്ചലിനു ശേഷം ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും സംഘവും മസൂദ് അസറിനെ അനുഗമിക്കുന്ന ചിത്രവും രാഹുല്‍ ഗാന്ധി പുറത്തുവിട്ടിരുന്നു. പ്രസംഗത്തില്‍ ‘മസൂദ് അസര്‍ ജി’ എന്ന് രാഹുല്‍ ഗാന്ധി പറയുന്ന വീഡിയോ പുറത്തുവിട്ടാണ് ബിജെപിയുടെ ആരോപണം.

ഭീകരവാദികളായ ഒസാമ ബിന്‍ലാദനോടും ഹാഫിസ് സയ്യിദിനോടും ബഹുമാനം കാണിക്കുന്ന കോണ്‍ഗ്രസ് പാരമ്പര്യം രാഹുല്‍ ഗാന്ധിയും തുടരുന്നുവെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദും ആരോപിച്ചു. അതേ സമയം രാഹുലിന്റെ പ്രസംഗം ബിജെപി വളച്ചൊടിക്കുകയാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചു.

Exit mobile version