കടുത്ത ചോദ്യം ചെയ്യലും മര്‍ദ്ദനവും; അഭിനന്ദന്‍ പാകിസ്താന്‍ കസ്റ്റഡിയില്‍ അനുഭവിച്ചത് കൊടിയ പീഡനങ്ങളെന്ന് സൂചന

ഉറക്കെ പാട്ടുവെച്ച് ഉറങ്ങാന്‍ സമ്മതിച്ചില്ല; മണിക്കൂറുകളോളം നിര്‍ത്തിച്ചു; വെള്ളം പോലും നല്‍കാതെ കടുത്ത ചോദ്യം ചെയ്യലും മര്‍ദ്ദനവും; അഭിനന്ദന്‍ പാകിസ്താന്‍ കസ്റ്റഡിയില്‍ അനുഭവിച്ചത് കൊടിയ പീഡനങ്ങളെന്ന് സൂചന

ന്യൂഡല്‍ഹി: വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്താന്‍ സൈനിക മര്യാദകള്‍ ലംഘിച്ച് കസ്റ്റഡിയില്‍ കൊടിയ പീഡനങ്ങള്‍ക്ക് ഇരയാക്കിയതായി സൂചന. പാകിസ്താന്‍ എഡിറ്റ് ചെയ്ത് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നതുപോലെ അഭിനന്ദന്‍ അയല്‍രാജ്യത്ത് സന്തുഷ്ടനും സുരക്ഷിതനുമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹിയില്‍ അഭിനന്ദനെ വിധേയനാക്കുന്ന ഡീബ്രീഫിങ് നടപടിക്കിടെ അദ്ദേഹം തന്നെയാണ് പാക് കസ്റ്റഡിയിലെ വിവരങ്ങള്‍ വെളിപ്പെടുത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ സൈനിക വിന്യാസത്തെ കുറിച്ച് അറിയാനായി പാകിസ്താന്‍ സേന അഭിനന്ദനെ നീണ്ട ചോദ്യം ചെയ്യലിന് വിധേയമാക്കിയെന്നും ഇതിനിടെ അദ്ദേഹത്തിന് അടിയേറ്റിരിക്കാമെന്നും സൂചനയുണ്ട്.

ഫെബ്രുവരി 27ന് പാകിസ്താന്റെ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെ രജൗരി സെക്ടറിലെ സൈനിക കേന്ദ്രം ലക്ഷ്യമാക്കി കുതിച്ചെത്തിയതോടെ ഇവയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകരുന്നതും അഭിനന്ദന്‍ പാകിസ്താനിലിറങ്ങാന്‍ നിര്‍ബന്ധിതനായതും. പിന്നീട് പാകിസ്താന്‍ പിടിയിലായ അഭിനന്ദനെ നീണ്ട മണിക്കൂറുകള്‍ക്ക് ശേഷം മാര്‍ച്ച് ഒന്നിന് വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയ്ക്ക് കൈമാറി. വിശദമായ വൈദ്യപരിശോധനയ്ക്ക് ശേഷം ഡല്‍ഹിയില്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് വിധേയനാക്കുകയാണ് വിങ് കമാന്ററെ. നട്ടെല്ലിന് പരിക്കുണ്ടെന്നും ഡീബ്രീഫിങ് നടപടികള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നു.

അതേസമയം, പാകിസ്താന്‍ കസ്റ്റഡിയില്‍ അഭിനന്ദനെ ഉറങ്ങാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നാണ് സൂചന. വെള്ളം പോലും നല്‍കാതെ മണിക്കൂറുകളോളം നിര്‍ത്തിച്ച് വിശ്രമിക്കാന്‍ അനുവദിച്ചിരുന്നില്ല. അദ്ദേഹത്തിന് അടിയേറ്റിരിക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തടവിലുണ്ടായ 60 മണിക്കൂറില്‍ കുറച്ചുനേരംമാത്രമേ പാക് വ്യോമസേന അഭിനന്ദനെ ചോദ്യംചെയ്തിരുന്നുള്ളൂ. ബാക്കിസമയം മുഴുവന്‍ കരസേനയുടെ കസ്റ്റഡിയിലായിരുന്നു. അഭിനന്ദനെ തടവിലാക്കിയതിന് എതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് ഇവരുടെ നിലപാടില്‍ അയവുവന്നത്. നല്ല രീതിയിലാണ് തടവുകാരനോട് ഇടപെടുന്നതെന്നറിയിക്കാന്‍ പിന്നീട് വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു പാകിസ്താന്‍.

ഇന്ത്യന്‍ വ്യോമസേനയുടെ ഫ്രീക്വന്‍സിയും ട്രാന്‍സ്മിറ്റ് മെസേജുകളും സൈനിക വിന്യായസവും യുദ്ധവിമാനങ്ങളെ കുറിച്ചുള്ള വിവരങ്ങളും പാകിസ്താന്‍ ഉദ്യേഗസ്ഥര്‍ ചോദിച്ചു. എന്നാല്‍ മറുപടി പറയാന്‍ അഭിനന്ദന്‍ കൂട്ടാക്കിയില്ല. 24 മണിക്കൂറെങ്കിലും ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശ്ശന നിര്‍ദേശമുണ്ട്. ശത്രുരാജ്യം വിവരങ്ങള്‍ മനസിലാക്കും മുമ്പ് മാറ്റം വരുത്താനാണ് ഈ നിര്‍ദേശം. അതേസമയം, അഭിനന്ദന്‍ ഇക്കാര്യം അക്ഷരംപ്രതി അനുസരിച്ചെന്നും ഒരു വിവരവും പാകിസ്താനുമായി പങ്കുവെച്ചില്ലെന്നും ഒരു ഇന്ത്യന്‍ സൈനികോദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. ഒപ്പം അഭിനന്ദനെ ഉറങ്ങാന്‍ സമ്മതിക്കാതെ അസ്വസ്ഥനാക്കാനായി ഉറക്കെ പാട്ടുവെച്ചു പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ ക്രൂരത കാണിച്ചെന്നും അദ്ദേഹം തുറന്നുപറയുന്നു.

Exit mobile version