രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും ഉയരത്തില്‍; കോടി കണക്കിന് തൊഴില്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോഡി മൗനത്തില്‍; തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലെന്ന് കണക്കുകള്‍. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി പുറത്തുവിട്ട കണക്കുകളിലാണ് തൊഴിലില്ലായ്മ 2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഏറ്റവും കൂടിയ തോതിലെന്ന് വിശദീകരിക്കുന്നത്. ഏറ്റവും കൂടിയ തോതിലുള്ള തൊഴിലില്ലായ്മ നിരക്കാണ് ഫെബ്രുവരിയിലേതെന്ന് സിഎംഐഇ ഡാറ്റ വ്യക്തമാക്കുന്നു. 7.2 ശതമാനമാണ് ഫെബ്രുവരിയിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചിരിക്കുന്നത്. 2018 ഫെബ്രുവരിയില്‍ 5.9 ശതമാനവുമായിരുന്നു വര്‍ധന.

ഇന്ത്യയില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ ഫെബ്രുവരിയില്‍ 406 കോടിയോളമായിരുന്നു. ഇത് 2019ല്‍ 40 കോടിയായെന്ന് സിഎംഐഇ തലവന്‍ മഹേഷ് വ്യാസ് പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പതിനായിരം വീടുകള്‍ കേന്ദ്രീകരിച്ച് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി നടത്തിയ സര്‍വേയിലാണ് ഈ കണക്ക് പുറത്ത് വിട്ടത്. തൊഴില്‍ തേടുന്നവരുടെ എണ്ണം കുറഞ്ഞിട്ടും തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുകയാണ്. ഇത് തൊഴിലാളിത്ത പങ്കാളിത്ത നിരക്കില്‍ വന്ന ഇടിവാണ് സൂചിപ്പിക്കുന്നത്.

അതേസമയം, പ്രതിവര്‍ഷം 2 കോടി ജോലി വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോഡിക്ക് തിരിച്ചടിയാകുന്നതാണ് ഈ കണക്കുകള്‍. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഈ കണക്കുകള്‍ മോഡിയെ തിരിഞ്ഞുകൊത്തുമെന്ന് ഉറപ്പ്. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവ് കര്‍ഷകരെ എതിരാക്കിയതിനു പിന്നാലെ യുവാക്കളേയും ബിജെപിയില്‍ നിന്നും അകറ്റുന്നതാണ് ഈ കണക്കുകള്‍.

ഡിസംബറില്‍ നാഷണല്‍ സാംപിള്‍ സര്‍വേ ഓഫ് ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച് ശേഖരിച്ച കണക്കുകള്‍ പൂഴ്ത്തി വയ്ക്കപ്പെടുകയും പിന്നീട് ഇത് മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ ഉണ്ടായത് മോഡി സര്‍ക്കാറിന്റെ കാലത്താണെന്നായിരുന്നു സര്‍വേയില്‍ പറഞ്ഞിരുന്നത്. ഈ വിവാദത്തില്‍ നിന്നും മറികടക്കാന്‍ ക്ഷീണിക്കുന്ന കേന്ദ്രത്തിന് ഇരട്ടപ്രഹരമായിരിക്കുകയാണ് പുതിയ സര്‍വേ ഫലം.

നോട്ട് നിരോധനത്തിന് ശേഷം 11 മില്ല്യണ്‍ ജനങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടതായും സിഎംഐഇ റിപ്പോര്‍ട്ട് പറയുന്നു. നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യന്‍ തൊഴില്‍ രംഗത്ത് വലിയ പ്രത്യാഘാതം ആണ് ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, ഈ കടുത്ത ആരോപണങ്ങള്‍ നേരെ ഉയര്‍ന്നിട്ടും പ്രധാനമന്ത്രി മേഡി പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല.

Exit mobile version