റാലിയില്‍ ധരിച്ചത് സാധാരണ ഷര്‍ട്ട് , ഇതുപോലത്തെ പത്തെണ്ണം ഉണ്ട്; വിശദീകരണവുമായി ബിജെപി നേതാവ് മനോജ് തിവാരി

സൈനികവേഷത്തില്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രം മനോജ് തിവാരി തന്നെയാണ് ട്വിറ്റര്‍ വഴി പങ്കുവെച്ചത്

ന്യൂഡല്‍ഹി: സൈനിക വേഷത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ബിജെപി നേതാവ് മനോജ് തിവാരി. റാലിയില്‍ പങ്കെടുത്തപ്പോള്‍ ധരിച്ചത് സൈനികരുടെ യൂണിഫോം അല്ലെന്നും സാധാരണ ഷര്‍ട്ട് ആണെന്നുമാണ് തിവാരിയുടെ വിശദീകരണം.

തനിക്ക് സ്വന്തമായി ഇതുപോലത്തെ പത്ത് ഷര്‍ട്ടുകള്‍ ഉണ്ടെന്നും സൈനികരുടെ വേഷത്തിന് സമാനമായ വസ്ത്രം ധരിക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം അഭിമാനമുള്ള കാര്യമാണെന്നും ഇതില്‍ അപമാനിക്കുക എന്ന ഉദ്യേശമില്ലെന്നും മനോജ് തിവാരി വ്യക്തമാക്കി.

പുല്‍വാമ ഭീകരാക്രമണം ബിജെപി രാഷ്ട്രീയ താല്‍പര്യത്തിന് ഉപയോഗിക്കുന്നുവെന്ന രൂക്ഷമായ ആരോപണത്തിന് പിന്നാലെയാണ് മനോജ് തിവാരി സൈനികവേഷത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്. സൈനികവേഷത്തില്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രം മനോജ് തിവാരി തന്നെയാണ് ട്വിറ്റര്‍ വഴി പങ്കുവെച്ചത്. നിരവധി പേരാണ് മനോജ് തിവാരിക്കെകതിരെ രംഗത്തെത്തിയത്. ബിജെപി സൈനികരെ മുന്‍ നിര്‍ത്തി രാഷ്ട്രീയം കളിക്കുകയാണെന്നും ജവാന്മാരെ അപമാനിക്കുന്നതിന് തുല്യമാണിതെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയിന്‍ പ്രതികരിച്ചത്.

Exit mobile version