രാജ്യത്ത് വീണ്ടും ഖനി അപകടം; നാഗാലാന്‍ഡില്‍ ഖനിക്കുള്ളില്‍ കുടുങ്ങി നാല് തൊഴിലാളികള്‍ മരിച്ചു

നാഗാലാന്‍ഡിലെ ലോങ്‌ലെങ് ജില്ലയിലെ ഉള്‍പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഖനിയിലാണ് അപകടം ഉണ്ടായിരിക്കുന്നത്

കൊഹിമ: മേഘാലയിലെ ഖനി അപകടത്തിന്റെ മുറിവ് ഉണങ്ങുന്നതിന് മുന്‍പ് രാജ്യത്ത് വീണ്ടും ഒരു ഖനി അപകടം കൂടി. നാഗാലാന്‍ഡിലെ ലോങ്‌ലെങ് ജില്ലയിലെ ഉള്‍പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഖനിയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ നാല് തൊഴിലാളികള്‍ മരിച്ചു. ഇന്നലെയാണ് അപകടം സംഭവിച്ചത്.

അതേ സമയം ഖനിക്കുള്ളില്‍ കുടിങ്ങവരുടെ മൃതദേഹം പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. എന്നാല്‍ തൊഴിലാളികളുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഖനിക്കുള്ളില്‍ ചെളി അടിഞ്ഞത് കാരണം ശ്വാസതടസം നേരിട്ടോ അല്ലെങ്കില്‍ വിഷവാതകം ശ്വസിച്ചതോ ആവാം മരണകാരണം എന്ന നിഗമനത്തിലാണ് പോലീസ്.

മരിച്ചവരുടെ മൃതദേഹം പോസ്റ്റ്‌മോട്ടം നടത്താതെ ആണ് കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തത്. പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം വിട്ടുകൊടുത്തത് എന്ന് പോലീസ് അറിയിച്ചു.

ഖനിക്കുള്ളില്‍ ചെളി നിറഞ്ഞത് കാരണം രണ്ട് ദിവസം ഖനി അടച്ചിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഖനിക്കുള്ളില്‍ വിഷവാതകം നിറഞ്ഞിരിക്കാമെന്നാണ് പ്രദേശവാസികളില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മേഘാലയയില്‍ ഉണ്ടായ ഖനി അപകടത്തില്‍ പതിനഞ്ച് പേരാണ് മരിച്ചത്.

Exit mobile version