സൈനിക വേഷത്തില്‍ വോട്ട് തേടി ബിജെപി എംപി മനോജ് തിവാരി; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ ഡെറക് ഒബ്രിയനാണ് മനോജ് തിവാരിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരിക്കുന്നത്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് റാലിയില്‍ സൈനിക വേഷം ധരിച്ചെത്തിയ ബിജെപി എംപി മനോജ് തിവാരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. മനോജ് തിവാരി തന്റെ മണ്ഡലമായ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ആരംഭിച്ച തെരഞ്ഞെടുപ്പ് റാലി ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ വേണ്ടിയാണ് സൈനിക വേഷത്തിലെത്തിയത്.

ചടങ്ങില്‍ പാകിസ്താന്റെ പിടിയില്‍ നിന്ന് മോചിതനായ ഇന്ത്യന്‍ വിംങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കുറിച്ച് ഒരു കവിതയും മനോജ് തിവാരി ചടങ്ങില്‍ ആലപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബിജെപി സൈന്യത്തെ അപമാനിക്കുന്നുവെന്നും അഭിനന്ദനന്റെ അറസ്റ്റും മോചനവുമെല്ലാം രാഷ്ട്രീയവല്‍കരിക്കുന്നുവെന്ന രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.

തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ ഡെറക് ഒബ്രിയനാണ് മനോജ് തിവാരിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരിക്കുന്നത്. ‘നാണംകെട്ടവന്‍, ബിജെപി ഡല്‍ഹി പ്രസിഡന്റും എംപിയുമായ മനോജ് തിവാരി സായുധ സേനയുടെ വേഷത്തിലെത്തി വോട്ട് തേടുന്നു. ബിജെപിയും മോഡിയും അമിത് ഷായും ചേര്‍ന്ന് നമ്മുടെ ജവാന്‍മാരെ രാഷ്ട്രീയവല്‍കരിക്കുകയും അപമാനിക്കുകയുമാണ് ചെയ്യുന്നത്. എന്നിട്ട് രാജ്യസ്‌നേഹത്തെക്കുറിച്ച് പാഠങ്ങള്‍ നല്‍കുകയും ചെയ്യുന്നു. എന്തൊരു തരംതാഴലാണ്’ ഒബ്രിയന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ഡെറക് ഒബ്രിയന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മനോജ് തിവാരിയും രംഗത്തെത്തി.’ഞാന്‍ എന്റെ സൈന്യത്തെ ഓര്‍ത്ത് അഭിമാനിക്കുന്നത് കൊണ്ടാണ് വേഷത്തിലെത്തിയത്. ഞാന്‍ ഇന്ത്യന്‍ ആര്‍മിയിലില്ല. പക്ഷേ എന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയായിരുന്നു. അത് എങ്ങനെ അപമാനിക്കല്‍ ആകും. ആര്‍മിയെ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന ഒരാളാണ് ഞാന്‍. യുക്തി അനുസരിച്ചാണെങ്കില്‍ നാളെ ഞാന്‍ നെഹ്‌റു ജാക്കറ്റ് ധരിച്ചാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ അപമാനിക്കലാകുമോ? എന്നാണ് തിവാരി ട്വിറ്ററില്‍ കുറിച്ചത്.

Exit mobile version