‘ പിശാചുക്കളുടെ സംഘടനയാണ് ജയ്‌ഷെ മുഹമ്മദ്, മസൂദ് അസറിനെ പാകിസ്താന്‍ ജയിലിലടക്കണം’ ; ഇസ്ലാമുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഒവൈസി

.സ്‌ഫോടനത്തിനുള്ള ആര് ഡി എക്‌സ് എവിടെ നിന്ന് വന്നുവെന്നും ചാവേറിന്റെ ഡിഎന്‍എ എവിടെയെന്നും പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന് കാരണമായ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയില്‍ മോഡി സര്‍ക്കാര്‍ എന്ത് നടപടിയെടുത്തെന്ന് അസദുദ്ദീന്‍ ഒവൈസി. രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച പറ്റിയെന്ന് തെളിഞ്ഞതോടെ എത്ര മന്ത്രിമാര്‍ രാജിവെച്ചെന്ന് പറയണമെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ, നയതന്ത്ര പരാജയത്തിനും മോഡി രാജ്യത്തോട് ഉത്തരം പറയണമെന്നും ഒവൈസി പറഞ്ഞു.സ്‌ഫോടനത്തിനുള്ള ആര് ഡി എക്‌സ് എവിടെ നിന്ന് വന്നുവെന്നും ചാവേറിന്റെ ഡിഎന്‍എ എവിടെയെന്നും പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ പുത്രന്‍ തിരിച്ചെത്തിയതില്‍ സന്തോഷിക്കുന്നു. രാജ്യത്തിന്റെ ശത്രുക്കള്‍ നമ്മുടേയും ശത്രുക്കളാണ്. രാഷ്ട്രീയ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും രാജ്യത്തിനാണ് മുന്‍തൂക്കം. രാജ്യാതിര്‍ത്തിയും പരമാധികാരവും വിഷയമാകുമ്പോള്‍ യാതൊരു വിധ സന്ധിയുമില്ലെന്നും ഒവൈസി പറഞ്ഞു.

40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച ഭീകരാക്രമണത്തില്‍ ജയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിന്റെ പങ്കിനെക്കുറിച്ച് പാകിസ്താന്‍ തെളിവ് ചോദിച്ചിരുന്നു. യുഎന്‍ നിരോധിച്ച ഭീകരസംഘടനയാണ് ജയ്‌ഷെ മുഹമ്മദ്. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് പാകിസ്താന് വേണ്ടതെന്നും ഒവൈസി ചോദിച്ചു. പിശാചുക്കളുടെ സംഘടനയാണ് ജയ്‌ഷെ മുഹമ്മദ്. മസൂദ് അസ്ഹറിനെ പാകിസ്താന്‍ ജയിലിലടക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു. ഇസ്ലാമുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലന്നും ഒവൈസി ആരോപിച്ചു.

Exit mobile version