ഡല്‍ഹിയില്‍ പാക്ക് ഭീകരന്‍ പിടിയില്‍: വ്യാജ പേരില്‍ ഇന്ത്യയിലെത്തിയിട്ട്‌ പത്ത് വര്‍ഷം

ന്യൂഡല്‍ഹി : നവരാത്രിയോടനുബന്ധിച്ച് ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന പാക്ക് ഭീകരനെ സ്‌പെഷ്യല്‍ പോലീസ് സെല്‍ പിടികൂടി. ലക്ഷ്മി നഗറിലെ രമേശ് പാര്‍ക്ക് ഏരിയയില്‍ നിന്ന് മുഹമ്മദ് അഷ്‌റഫ് (അലി) എന്നയാളാണ് പിടിയിലായത്. ഇയാള്‍ പത്ത് വര്‍ഷമായി രാജ്യത്തുണ്ടായിരുന്നുവെന്നാണ് വിവരം.

ഇന്ത്യന്‍ പൗരനാണെന്ന വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ഡല്‍ഹിയിലെ ശാസ്ത്രി നഗറിലാണ് ഇയാള്‍ താമസിച്ചിരുന്നത്. പാക്കിസ്ഥാനിലെ നര്‍വാള്‍ സ്വദേശിയായ ഇയാള്‍ ജമ്മു കശ്മീരിലേതുള്‍പ്പടെ നിരവധി ഭീകരപ്രവര്‍ത്തനങ്ങളില്‍ തനിക്ക് പങ്കുള്ളതായി സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ടെന്നും ബംഗ്ലാദേശ് വഴിയാണ് ഇയാള്‍ രാജ്യത്തേക്ക് കടന്നതെന്നും പോലീസ് പറഞ്ഞു.

ഇയാള്‍ക്ക് ഐഎസ്‌ഐ(ഇന്റര്‍ സെര്‍വീസസ് ഇന്റലിജന്‍സ്) പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. വ്യാജ രേഖയില്‍ ബീഹാറില്‍ മേല്‍വിലാസം നല്‍കിയിരിക്കുന്ന ഇയാള്‍ രേഖകള്‍ക്കായി ഗാസിയാബാദ് സ്വദേശിനിയെ വിവാഹം ചെയ്തതായും ഐഎസ്‌ഐയുടെ പ്രവര്‍ത്തനത്തിന് ഇവിടെ ആയുധങ്ങള്‍ എത്തിച്ചതായും ചോദ്യം ചെയ്യലില്‍ തെളിഞ്ഞതായി പോലീസ് വ്യക്തമാക്കി.

തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്‌പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ പ്രമോദ് കുഷ്‌വാല പറഞ്ഞു.

Exit mobile version