അഭിനന്ദന് ഉടനെയൊന്നും വിമാനം പറത്താനാകില്ല; ഇനി കാത്തിരിക്കുന്നത് ‘ഡീബ്രീഫിങ്’; വൈദ്യപരിശോധന മാത്രമല്ല, നീണ്ട ചോദ്യം ചെയ്യല്‍ മറികടന്നാല്‍ പരിശീലനവും പൂര്‍ത്തിയാക്കണം!

ന്യൂഡല്‍ഹി: പാകിസ്താന്‍ കസ്റ്റഡിയില്‍ നിന്നും വാഗാ അതിര്‍ത്തിയിലൂടെ രാജ്യത്ത് തിരിച്ചെത്തിയ ഇന്ത്യന്‍ വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കാത്തിരിക്കുന്നത് നല്ല ദിനങ്ങളാകില്ലെന്ന് സൂചന. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്ത് രാജ്യത്ത് തിരിച്ചെത്തിയ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വ്യോമസേനയില്‍ വിമാനം പറത്താന്‍ ഇനിയും ഏറെ നാളുകള്‍ കാത്തിരിക്കേണ്ടി വരുമെന്ന് സൂചന. അഭിനന്ദന്‍ മെഡിക്കല്‍ പരിശോധനകള്‍ക്ക് മാത്രം വിധേയനായാല്‍ പേരെന്നും ‘ഡീബ്രീഫിങ്’ എന്ന നീണ്ട ചോദ്യംചെയ്യലിനും അദ്ദേഹം വിധേയനാകണമെന്നും ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമാനത്തില്‍ നിന്ന് താഴേക്ക് ചാടിയതിനാല്‍ അഭിനന്ദന് പരിക്കുണ്ടെന്നും ചെന്ന് വീണ സ്ഥലത്തെ നാട്ടുകാര്‍ അദ്ദേഹത്തെ കാലിന് വെടിവെച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുഖത്തെ പരിക്കുകള്‍ അഭിനന്ദന്റെ ചിത്രങ്ങളില്‍ വ്യക്തവുമായിരുന്നു.

വേഗത്തില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ അഭിനന്ദന്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. ഇന്ത്യയ്ക്ക് കൈമാറിയപ്പോള്‍ ഊര്‍ജ്ജസ്വലനായി കാണപ്പെട്ട അഭിനന്ദനനെ വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് ഇന്ത്യ വിധേയനാക്കിയിരുന്നു. പരിശോധനകള്‍ക്കുശേഷം അമൃത്‌സര്‍ വിമാനത്താവളത്തില്‍ നിന്ന് വ്യോമസേനയുടെ വിമാനത്തില്‍ അഭിനന്ദനെ 12.20ഓടെ ഡല്‍ഹിയിലെത്തിച്ചു.

ഇനി അദ്ദേഹത്തെ കാത്തിരിക്കുന്നത് വിശദമായ ചോദ്യം ചെയ്യലാണ്. ഡീബ്രീഫിങ്ങ് എന്നറിയപ്പെടുന്ന നടപടിയില്‍ വ്യോമസേന, ഇന്റലിജന്‍സ് ബ്യൂറോ, റോ, എന്നിവയിലെ ഉദ്യോഗസ്ഥര്‍ അഭിനന്ദനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യും. പാക് അധികൃതരോട് അഭിനന്ദന്‍ എന്തൊക്കെ വെളിപ്പെടുത്തി എന്നറിയുകയാണ് ഡീബ്രീഫിങ്ങിന്റെ ലക്ഷ്യം. പാക് കസ്റ്റഡിയിലെ അനുഭവങ്ങളും ചോദിച്ചറിയും. ഇതിനുശേഷമാകും അദ്ദേഹം മാധ്യമങ്ങളെ കാണുക.

നേരത്തെ, 1999ല്‍ കാര്‍ഗില്‍ യുദ്ധകാലത്ത് അഭിനന്ദനെ പോലെ പാക് പിടിയിലായിരുന്ന വ്യോമസേന ഫ്ളൈറ്റ് ലഫ്റ്റനന്റ് കെ നചികേതയ്ക്ക് 2003ലാണ് ജോലിയില്‍ വീണ്ടും പ്രവേശിക്കാനായിരുന്നത്. എട്ട് ദിവസം പാക് കസ്റ്റഡിയില്‍ പീഡനമേറ്റ നചികേതയ്ക്ക് നട്ടെല്ലിനടക്കം പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വൈമാനികനായി തിരിച്ചു കയറിയ നചികേതയ്ക്ക് വീണ്ടും ട്രെയിനിംഗ് പൂര്‍ത്തിയാക്കേണ്ടി വന്നു. പരിചയസമ്പത്ത് അദ്ദേഹത്തിന് തിരികെ ജോലിയില്‍ കയറാന്‍ സഹായകരമായിരുന്നില്ല. ഇപ്പോള്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനും എല്ലാ തരം പരിശീലനവും വീണ്ടും നടത്തേണ്ടി വരുമെന്നാണ് ഇന്ത്യാടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Exit mobile version