അഭിനന്ദന്‍ നാടിന് അഭിമാനം..! വീരപുത്രനെ കാത്ത് ദേശീയ പതാകയേന്തി വാദ്യമേള അകമ്പടിയോടെ വാഗാ അതിര്‍ത്തി; വരവേല്‍ക്കാന്‍ വീട്ടുകാരും പ്രമുഖരും

അമൃത്സര്‍: പാകിസ്താന്‍ തടവിലുള്ള വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ സ്വീകരിക്കാന്‍ ഒരുങ്ങി വാഗാ അതിര്‍ത്തി. റാവല്‍പിണ്ടിയില്‍ നിന്നും വിമാനമാര്‍ഗം ലഹോറില്‍ എത്തിച്ച് രാജ്യാന്തര റെഡ്ക്രോസ് കമ്മിറ്റിക്ക് കൈമാറും. ശേഷം വാഗാ അതിര്‍ത്തിയിലാണ് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുന്നത്. ഉച്ചയോടെ അതിര്‍ത്തിയില്‍ എത്തുന്ന അഭിനന്ദനെ സ്വീകരിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അടക്കം വന്‍ ജനാവലി സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ദേശീയ പതാകയേന്തി വാദ്യമേളങ്ങളോടെ ആഘോഷവേദിയായി മാറിയിരിക്കുകയാണ് വാഗാ അതിര്‍ത്തി. അഭിനന്ദന്റെ മാതാപിതാക്കളും അതിര്‍ത്തിയില്‍ എത്തുന്നുണ്ട്. എയര്‍ഫോഴ്സിന്റെ പ്രത്യേക സംഘമായിരിക്കും അഭിനന്ദനെ അതിര്‍ത്തിയില്‍ ഏറ്റുവാങ്ങുക. തുടര്‍ന്ന് പ്രതിരോധ വകുപ്പിലെ ഉന്നതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷം മാത്രമായിരിക്കും അഭിനന്ദനില്‍ നിന്ന് എന്തെങ്കിലും പ്രതികരണം പുറത്തുവരൂ.

പുലര്‍ച്ചെ മുതല്‍ അതിര്‍ത്തിയിലേക്ക് പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗാണ് അഭിനന്ദനെ സ്വീകരിക്കാന്‍ എത്തുന്നവരില്‍ പ്രമുഖന്‍.

Exit mobile version