അതിര്‍ത്തിയില്‍ 14,000 ബങ്കറുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ

യുദ്ധ സമയത്ത് ഇത്തരം ബങ്കറുകള്‍ സൈനീകാവശ്യത്തിനും ഉപയോഗിക്കാന്‍ കഴിയും.

ശ്രീനഗര്‍: കാശ്മീരിലെ പാകിസ്താന്‍ അതിര്‍ത്തിയില്‍ ബങ്കറുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ഇന്ത്യ. അതിര്‍ത്തിയിലെ ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി 14,000 ഭൂഗര്‍ഭ ബങ്കറുകളാണ് ഇന്ത്യ നിര്‍മ്മിക്കുന്നത്. അതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷയ്ക്കാണിത്. യുദ്ധ സമയത്ത് ഇത്തരം ബങ്കറുകള്‍ സൈനീകാവശ്യത്തിനും ഉപയോഗിക്കാന്‍ കഴിയും.

പുല്‍വാമ അക്രമത്തിന് പുറകേ ഇന്ത്യന്‍ സൈന്യം ബാലാകോട്ടില്‍ നടത്തിയ ബോംബാക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിയിലെ പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിരവധി തവണയാണ് വെടിവെപ്പ് നടത്തുന്നത്. ഇന്ത്യ ഇതിന് ശക്തമായ തിരിച്ചടി നല്‍കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയിലെ പാക് ഷെല്ലാക്രമണം തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇത്തരത്തിലുളള ഒരു മുന്‍കരുതല്‍ എടുക്കുന്നത്. ഷെല്ലാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും എളുപ്പമാര്‍ഗമാണ് ബങ്കറുകള്‍.

ഭീകരകേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായത് മുതല്‍ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്താന്‍ ഗ്രാമീണരെ മറയാക്കി ശക്തമായ ഷെല്ലാക്രമണമാണ് തുടരുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ മിന്നലാക്രമണത്തില്‍ പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ന്നതിന് പിന്നാലെ പാകിസ്ഥാന്റെ രണ്ട് എഫ്-16 യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചിരുന്നു. അതിര്‍ത്തിയില്‍ പാക് തിരിച്ചടി പ്രതീക്ഷിച്ച് കനത്ത കാവലൊരുക്കുകയാണ് ഇന്ത്യന്‍ വ്യോമസേന.

Exit mobile version