അഞ്ച് മൈല്‍ നടന്നിട്ടാണ് എത്തുന്നത്, പക്ഷേ പഠിപ്പിക്കാന്‍ ആളില്ല! സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകരില്ലാതെ വിഷമിച്ച് കുട്ടികള്‍; ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി ഗ്രാമവാസികള്‍

പഠിച്ച് ഉയര്‍ന്ന ജോലി നേടാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ സ്‌കൂളില്‍ മതിയായ അധ്യാപകരില്ലാത്തതിനാന്‍ വലിയ നിരാശയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

റാംപൂര്‍: സര്‍ക്കാര്‍ സ്‌കൂളില്‍ മതിയായ അധ്യാപകരില്ലാത്തത് വിദ്യാര്‍ത്ഥികളുടെ പഠനത്തെയും സ്വപ്‌നങ്ങളെയും ഒരുപോലെ ബാധിക്കുന്നു. പ്രശ്‌നം പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നീക്കങ്ങള്‍ ഒന്നുമില്ല. ഈ സാഹചര്യത്തില്‍ അധികാരികളുടെ ഇടപെടലിനായി ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് ഇവിടുത്തെ ഗ്രാമവാസികള്‍. ഹിമാചല്‍ പ്രദേശിലെ റാംപൂരിലാണ് ഗ്രാമവാസികള്‍ പ്രതിഷേധിക്കുന്നത്.

പഠിച്ച് ഉയര്‍ന്ന ജോലി നേടാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ സ്‌കൂളില്‍ മതിയായ അധ്യാപകരില്ലാത്തതിനാന്‍ വലിയ നിരാശയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ‘ഞാന്‍ എല്ലാദിവസവും അഞ്ച് മൈല്‍ ദൂരം നടന്നിട്ടാണ് സ്‌കൂളിലെത്തുന്നത്. എനിക്ക് ഒരു എഞ്ചിനീയര്‍ ആകണമെന്നാണ് ആഗ്രഹം. എന്നാല്‍ പ്രധാന വിഷയങ്ങള്‍ ഒന്നും പഠിപ്പിക്കാന്‍ സ്‌കൂളില്‍ അധ്യാപകരില്ല. മാര്‍ച്ചില്‍ ഞങ്ങളുടെ ബോര്‍ഡ് എക്സാം ആണ്, അധ്യാപകരില്ലാത്ത പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ ഞങ്ങള്‍ നല്ല പേടിയുണ്ട്.’ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.

സ്‌കൂളില്‍ മതിയായ അധ്യാപകരില്ലാത്തത് ഞങ്ങളുടെ പഠനത്തെ മോശമായി ബാധിക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ‘എനിക്ക് ഒരു അധ്യാപികയാവാനാണ് ആഗ്രഹം. എന്നാല്‍ അത് നടക്കുമെന്ന് തോന്നുന്നില്ല. ഞങ്ങള്‍ക്ക് കാര്യങ്ങള്‍ക്ക് പറഞ്ഞുതരാന്‍ ഇവിടെ അധ്യാപകരില്ല.’ മറ്റൊരു വിദ്യാര്‍ത്ഥി പറഞ്ഞു.

സ്‌കൂളില്‍ പ്രധാന വിഷയങ്ങളായ ഗണിതം, സയന്‍സ് വിഷയങ്ങള്‍ പഠിപ്പിക്കാനാണ് അധ്യാപകരുടെ കുറവ്. സ്‌കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് മൂന്ന് അധ്യാപകരെ വച്ച് മാത്രമാണെന്നും ഗ്രാമവാസികള്‍ പറയുന്നു. ഇത് വലിയ ബുദ്ധിമുട്ടാണെന്നും ഗ്രാമവാസികള്‍ പറയുന്നുണ്ട്.

Exit mobile version