ചൈന പാകിസ്താന്റെ കൂടെയാണെന്നത് മറക്കരുത്, അതിര്‍ത്തികളുടെ സുരക്ഷ ഉറപ്പുവരുത്താതെ പാകിസ്താനെ പരാജയപ്പെടുത്താന്‍ സാധിക്കില്ല; അഖിലേഷ് യാദവ്

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അജിത്ത് കുമാറിന്റെ കുടുംബത്തെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അഖിലേഷ് യാദവിന്റെ പ്രതികരണം

ലഖ്‌നൗ: രാജ്യത്തെ അതിര്‍ത്തികളുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ ദീര്‍ഘകാല പദ്ധതികള്‍ നടപ്പിലാക്കിയില്ലെങ്കില്‍ പാകിസ്താനെ ഒരിക്കലും പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ്. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അജിത്ത് കുമാറിന്റെ കുടുംബത്തെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അഖിലേഷ് യാദവിന്റെ പ്രതികരണം.

ഇപ്പോഴും ചൈന പാകിസ്താന്റെ ഒപ്പമാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്നും അഖിലേഷ് യാദവ് പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനത്തെ കുറിച്ചും അഖിലേഷ് യാദവ് പരാമര്‍ശിച്ചു. സൗദി കിരീടാവകാശി ആദ്യം സന്ദര്‍ശനം നടത്തി സഹായം വാഗ്ദാനം ചെയ്തത് പാകിസ്താന് ആണെന്നും പിന്നീടാണ് ഇന്ത്യയിലെത്തി നരേന്ദ്ര മോഡിയെ ആലിംഗനം ചെയ്‌തെന്നും അഖിലേഷ് യാദവ് പറഞ്ഞു. പിന്നീട് പോയത് ചൈനയിലേക്കാണെന്നും പറഞ്ഞു. അയല്‍രാജ്യങ്ങളുടെ പങ്ക് ഇന്ന് വലിയ വിഷയമാണ്.

അതേസമയം ഗവണ്‍മെന്റ് ജവാന്മാരോടുള്ള വാഗ്ദാനം പാലിക്കണമെന്നും പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് ഒരുകോടി രൂപ നല്‍കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

Exit mobile version