രജനീകാന്ത് ബിജെപിയുടെ കളിപ്പാവയെന്ന് ആക്ഷേപം; ചരിത്രത്തിലാദ്യമായി ഒരു ലേഖനത്തിന്റെ പേരില്‍ ഖേദം പ്രകടിപ്പിച്ച് ഡിഎംകെ മുഖപത്രം

കരുണാനിധി 1942ല്‍ പത്രം ആരംഭിച്ച ശേഷം, ഇതാദ്യമാണ് ഏതെങ്കിലും ഒരു ലേഖനത്തിന്റെ പേരില്‍ പത്രം ഖേദം രേഖപ്പെടുത്തുന്നത്

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഡിഎംകെ മുഖപത്രം ‘മുരസൊളി’. പത്രത്തില്‍ താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിക്കുന്ന ലേഖനത്തിനിടെ, ബിജെപിയുടെ കളിപ്പാവയാണ് രജനീകാന്ത് എന്ന് വിമര്‍ശിച്ചിരുന്നു. ഡിഎംകെ തലവനായിരുന്ന കരുണാനിധി 1942ല്‍ പത്രം ആരംഭിച്ച ശേഷം, ഇതാദ്യമാണ് ഏതെങ്കിലും ഒരു ലേഖനത്തിന്റെ പേരില്‍ പത്രം ഖേദം രേഖപ്പെടുത്തുന്നത്.

തങ്ങളുടെ ലേഖനം ചിലര്‍ക്ക് വേദനയുണ്ടാക്കുന്നതായിരുന്നുവെന്നും, താരത്തിനെ സ്‌നേഹിക്കുന്നവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ ഖേദം രേഖപ്പെടുത്തുന്നതായും പത്രം അറിയിച്ചു. മേലില്‍ ഇത്തരത്തിലുള്ള അബദ്ധം എഡിറ്റോറിയല്‍ സംഘം ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കിയതായും പത്രത്തിന്റേതായി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31നാണ് രജനീകാന്ത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയത്. എന്നാല്‍, അതിന്റെ കാര്യമായ തുടര്‍ നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല. രജനീകാന്തിനൊപ്പം രാഷ്ട്രീയത്തില്‍ പ്രവേശിച്ച മറ്റൊരു സൂപ്പര്‍ താരമായ കമല്‍ ഹാസന്‍ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു.

Exit mobile version