‘തേജസി’ല്‍ പറന്ന് ചരിത്രം കുറിച്ച് പിവി സിന്ധു

ഇരുപത്തിമൂന്ന് വയസുള്ള സിന്ധു തേജസില്‍ പറക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ്

ബംഗളൂരു: ഇന്ത്യയുടെ തദ്ദേശനിര്‍മ്മിത യുദ്ധവിമാനമായ തേജസില്‍ പറന്ന് ചരിത്രം കുറിച്ച് ബാഡ്മിന്റണ്‍ താരം പിവി സിന്ധു. തേജസില്‍ കയറിയ ആദ്യ വനിതയെന്ന നേട്ടമാണ് സിന്ധു കരസ്ഥമാക്കിയത്. ബംഗളൂരുവില്‍ നടക്കുന്ന എയ്‌റോ ഇന്ത്യ പ്രദര്‍ശനത്തില്‍ വനിതകള്‍ക്ക് ആദരമര്‍പ്പിച്ച് ഇന്ന് വനിതാ ദിനമായാണ് ആചരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പിവി സിന്ധു തേജസില്‍ പറന്നത്.

രണ്ട് സീറ്റുള്ള ‘തേജസ്’ ട്രെയിനര്‍ വിമാനത്തിന്റെ സഹപൈലറ്റിന്റെ സീറ്റിലാണ് സിന്ധു പറന്നത്. ഇരുപത്തിമൂന്ന് വയസുള്ള സിന്ധു തേജസില്‍ പറക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ്. തേജസിന് അന്തിമ ക്ലിയറന്‍സ് ലഭിച്ച് വ്യോമസേനയുടെ ഭാഗമായതിന് പിന്നാലെയാണ് തേജസില്‍ പറന്ന് സിന്ധു ചരിത്രം കുറിച്ചത്.

2013 ലാണ് തേജസിന് പ്രാഥമിക പ്രവര്‍ത്തന അനുമതി ലഭിച്ചത്. തേജസ് മാര്‍ക്ക്-1 എന്ന യുദ്ധവിമാനം 2016ല്‍ വ്യോമസേന ഏറ്റെടുത്തിരുന്നെങ്കിലും ഇതിനെ യുദ്ധമുഖത്ത് ഉള്‍പ്പെടുത്താനുള്ള അനുവദി ലഭിച്ചിരുന്നില്ല. വിദൂര മിസൈല്‍ ശേഷി, പറക്കുന്നതിനിടയില്‍ ഇന്ധനം നിറയ്ക്കാനുള്ള സംവിധാനം തുടങ്ങിയവയാണ് തേജസിന്റെ പ്രത്യേകതകള്‍. നിരവധി പരീക്ഷണങ്ങള്‍ കഴിഞ്ഞാണ് ‘തേജസ്’ സേനയുടെ ഭാഗമാകുന്നത്. ഡിആര്‍ഡിഒയുടെ സ്വതന്ത്ര ഏജന്‍സിയായ എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സിയാണ് തേജസ് രൂപകല്‍പന ചെയ്തത്.

Exit mobile version