പുല്‍വാമ ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവുമായി ‘ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍

'ഉറി' ചിത്രത്തിന്റെ നിര്‍മ്മാതാവ് റോണി സ്‌ക്രൂവാല ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

മുംബൈ: ജമ്മു-കാശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യ വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ ധനസഹായം നല്‍കുമെന്ന് ‘ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ‘ഉറി’ ചിത്രത്തിന്റെ നിര്‍മ്മാതാവ് റോണി സ്‌ക്രൂവാല ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആര്‍മി വെല്‍ഫെയര്‍ ഫണ്ടിലേക്കാണ് പണം നല്‍കുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രമേയമായി ഒരുക്കിയ ബോളിവുഡ് ചിത്രമാണ് ‘ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’. ബോക്‌സ് ഓഫീസ് ഹിറ്റായ ചിത്രം പുറത്തിറങ്ങി 30 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ 200 കോടി ക്ലബില്‍ എത്തിയിരുന്നു.

ഇവര്‍ക്ക് പുറമെ വീരമൃത്യ വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവുമായി അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന ‘ടോട്ടല്‍ ദമാല്‍’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും രംഗത്തെത്തി. 50 ലക്ഷം രൂപയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സൈനികരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കിയത്.

ഇതിനകം തന്നെ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി നിരവധി സിനിമാ പ്രവര്‍ത്തകരാണ് രംഗത്തെത്തിയിട്ടുള്ളത്. അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, ഷാരുഖ് ഖാന്‍, സല്‍മാല്‍ ഖാന്‍, അക്ഷയ് കമാര്‍, പ്രിയങ്കാ ചോപ്ര, ആലിയ ഭട്ട്, ശബാന ആസ്മി, ജാവേദ് അക്തര്‍, തുടങ്ങിയവരാണ് സൈനികരുടെ കുടുംബത്തിന് സഹായം നല്‍കുമെന്ന് അറിയിച്ചത്.

Exit mobile version