സംസാരിക്കുന്നതിനിടെ കാതടിപ്പിക്കുന്ന ശബ്ദം; പിന്നാലെ കനത്ത നിശബ്ദത മാത്രം;പുല്‍വാമ ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടത് ഭാര്യയുമായി സംസാരിക്കുന്നതിനിടെയില്‍; കണ്ണീരുതോരാതെ നീരജയും മക്കളും

കാണ്‍പൂര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സൈനികരുടെ കുടുംബങ്ങള്‍ വെളിപ്പെടുത്തുന്നത് കണ്ണുനനയിക്കുന്ന അനുഭവങ്ങള്‍. ജീവന്‍വെടിഞ്ഞ സൈനികര്‍ പലരും പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കുടുംബവുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് സ്‌ഫോടനമുണ്ടായത്.
കൊല്ലപ്പെട്ട നാല്‍പ്പത് പേരില്‍ ഒരാളായ സിആര്‍പിഎഫ് ജവാന്‍ പ്രദീപ് സിംഗ് യാദവിന്റെ മരണം നടന്നത് ഭാര്യയുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍. സംസാരത്തിനിടയില്‍ കൂറ്റന്‍ സ്ഫോടനത്തിന്റെ കാതടപ്പിക്കുന്ന ശബ്ദവും തൊട്ടുപിന്നാലെയുണ്ടായ മരവിച്ച നിശബ്ദതയും താന്‍ അനുഭവിച്ചെന്ന് സൈനികന്റെ ഭാര്യ നീരജ വെളിപ്പെടുത്തുന്നു.

ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലെ അജാന്‍ സുഖ്സെന്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള നീരജ്ദേവി ഭര്‍ത്താവുമായി സംസാരിച്ചു കൊണ്ട് നില്‍ക്കുമ്പോഴായിരുന്നു ചാവേര്‍ എസ്വുയിയുമായി പ്രദീപ് സിംഗും സഹപ്രവര്‍ത്തകരുമായ സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹനത്തിന് സമീപമെത്തി പൊട്ടിത്തെറിച്ചത്. ഭര്‍ത്താവിന്റെ മരണം മറ്റൊരു ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ നിന്നും നീരജ് ദേവി നേരിട്ട് കേട്ടറിഞ്ഞു.

” ഫോണിലൂടെ ഞാന്‍ ഭര്‍ത്താവുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കാതടപ്പിക്കുന്ന ഒരു ശബ്ദം മറുവശത്തു നിന്നും കേട്ടത്. സെക്കന്റുകള്‍ക്കകം എല്ലാം നിശബ്ദ്ധമായി തൊട്ടുപിന്നാലെ കോളും ഡിസ്‌കണക്ടായി. എന്തോ അരുതാത്തത് സംഭവിച്ചത് പോലെ. മനസ്സ് അശാന്തമായി. അദ്ദേഹം ജീവനോടെയുണ്ടോ എന്നറിയാനായി പിന്നത്തെ ശ്രമം. എന്നാല്‍ എല്ലാം അവിടെ അവസാനിച്ചിരുന്നു. പിന്നീട് എനിക്ക് കിട്ടിയ കോള്‍ സിആര്‍പിഎഫിന്റെ കണ്‍ട്രോള്‍ റൂമില്‍ നിന്നും ആയിരുന്നു. അതില്‍ ഭര്‍ത്താവിന്റെ മരണവാര്‍ത്തയായിരുന്നു. സ്ഫോടനത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു.” കണ്ണീരൊഴുക്കി നിര്‍വ്വികാരതയോടെ അവര്‍ പറഞ്ഞു.

പുല്‍വാമയില്‍ നടന്ന സ്ഫോടനത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെടുമ്പോള്‍ കാണപൂര്‍ ഏരിയയിലെ കല്യാണ്‍പൂരിലെ ബരാസിരോഹി ഗ്രാമത്തില്‍ രണ്ടു കുട്ടികളും പ്രദീപ് കുമാറിന്റെ മാതാവും നീരജാദേവിക്കൊപ്പമുണ്ടായിരുന്നു. പെട്ടെന്ന് തന്നെ ഭര്‍ത്താവിന്റെ ജന്മദേശമായ അജന്‍ സുഖ്സെന്‍പൂരില്‍ അവര്‍ എത്തി. ശനിയാഴ്ച ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. പ്രദീപിനും നീരജാദേവിക്കും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളാണ് ഉള്ളത്. പത്തു വയസ്സുകാരിയായ സുപ്രിയയും രണ്ടു വയസ്സുകാരിയായ സോനയും. വ്യാഴാഴ്ച നടത്തിയ പത്തുമിനിറ്റ് സംസാരത്തില്‍ മക്കളെക്കുറിച്ച് ഏറെ വിശേഷം തിരക്കിയിരുന്നു.

പ്രദീപിനോട് നീരജ ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ പെട്ടെന്ന് അവളുടെ അലറിക്കരച്ചില്‍ കേട്ടു. പിന്നീട് പ്രദീപിന്റെ മരണം സ്ഥിരീകരിക്കുന്ന സിആര്‍പിഎഫ് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള ഫോണ്‍കോള്‍ കിട്ടിയ ശേഷം ബോധംകെട്ടു വീണതായും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ഈ മാസം ആദ്യവാരമാണ് പ്രദീപ് അവധി കഴിഞ്ഞ് തിരികെ മടങ്ങിയത്.

Exit mobile version