ജമ്മുകാശ്മീര്‍ ഭീകരാക്രമണം; മരിച്ച ജവാന്മാരുടെ കുടുംബത്തിന് ഒരു ദിവസത്തെ ശമ്പളം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് ഐപിഎസ് അസോസിയേഷന്‍; 51 ലക്ഷം നല്‍കുമെന്ന് മുബൈ ശ്രീ സിദ്ധിവിനായക ക്ഷേത്രം ട്രസ്റ്റ്

ലക്‌നൗ; ജമ്മുകാശ്മീരില്‍ വച്ച് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് കൈത്താങ്ങായി ഉത്തര്‍പ്രദേശ് ഐപിഎസ് അസോസിയേഷന്‍. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് ഐപിഎസ് അസോസിയേഷന്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ ഐപിഎസുകാരുടെ ഒരു ദിവസത്തെ ശമ്പളം ജവാന്മാരുടെ കുടുംബത്തിന് നല്‍കും. സമാഹരിച്ച തുക ലക്‌നൗവിലുള്ള സിആര്‍പിഎഫ് ഓഫീസ് വഴി ഡല്‍ഹി ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് അയക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് മുബൈ ശ്രീ സിദ്ധിവിനായക ക്ഷേത്ര ട്രസ്റ്റും ധനസഹായം പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്കായി 51 ലക്ഷം രൂപ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹനത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 40 ജവാന്മാരാണ് കൊല്ലപ്പെട്ടത്. അവധി കഴിഞ്ഞ് തിരികെ വരുകയായിരുന്ന ജവാന്മാര്‍ സഞ്ചരിച്ച 70 ഓളം വരുന്ന വാഹനവ്യൂഹത്തിന് നേരെ ആയിരുന്നു ഭീകരാക്രമണം ഉണ്ടായത്.

വാഹനവ്യൂഹത്തിന് നേരെ ഉഗ്രശേഷിയുള്ള ബോംബ് വച്ച വാഹനം ഓടിച്ചു കയറ്റി സ്ഫോടനം നടത്തുകയായിരുന്നു.തീവ്രവാദി സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 18 വര്‍ഷത്തിനിടയില്‍ ജമ്മുവില്‍ നടക്കുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണിത്.

Exit mobile version