ഹൈസ്പീഡ് തീവണ്ടി ‘വന്ദേ ഭാരത് എക്‌സ്പ്രസ്’ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു; ഉദ്ഘാടനം പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദുഃഖ സാന്ദ്രമായ അന്തരീക്ഷത്തില്‍

ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമര്‍പ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് തീവണ്ടിയാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദുഃഖ സാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍വച്ച് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത്. എഞ്ചിനീയര്‍മാരോടും ഡിസൈനര്‍മാരോടും നന്ദി പറയുന്നതായി ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി വ്യക്തമാക്കി.

റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും റെയില്‍വേ ബോര്‍ഡ് അംഗങ്ങളും ചടങ്ങിനെത്തിയിരുന്നു.

എക്‌സ്പ്രസിന്റെ പരമാവധി വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാണ്. ഡല്‍ഹിയില്‍ നിന്ന് വാരണാസിയിലേക്ക് വന്ദേ ഭാരത് എക്‌സ്പ്രസ് എത്തിച്ചേരുക ഒന്‍പത് മണിക്കൂര്‍ 45 മിനുട്ടുകൊണ്ടാണ്. യാത്രക്കിടയില്‍ കാണ്‍പൂരിലും അലഹബാദിലും ഉള്ള 40 മിനുട്ട് വീതമുള്ള ഇടവേള ഉള്‍പ്പടെയാണ് ഈ സമയം. രണ്ട് എക്‌സിക്യൂട്ടിവ് ക്ലാസ് ഉള്‍പ്പടെ 16 എസി കോച്ചുകളാണ് തീവണ്ടിയിലുള്ളത്. 1128 യാത്രക്കാര്‍ക്ക് ഒരേ സമയം യാത്രചെയ്യാനാകും.

ഓട്ടോമാറ്റിക്ക് ഡോറുകളാണ് കോച്ചുകളില്‍. ജിപിഎസ് ബേസ്ഡ് ഓഡിയോ വിഷ്വല്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും ഫ്രീ വൈഫൈയും വന്ദേ ഭാരത് എക്സ്പ്രസിലുണ്ട്. ഓരോ സീറ്റിലെയും വെളിച്ചം അതത് യാത്രക്കാര്‍ക്ക് ക്രമീകരിക്കാനാവും. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് ബുക്കിങ്. ചെയര്‍കാര്‍ ടിക്കറ്റിന് 1760 രൂപയും എക്സിക്യൂട്ടിവ് ക്ലാസിന് 3310 രൂപയുമാണ് നിരക്ക്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് വന്ദേ ഭാരത് എക്സ്പ്രസ് നിര്‍മ്മിച്ചത്. 18 മാസം കൊണ്ടായിരുന്നു നിര്‍മ്മാണം. വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യത്തെ ദിവസത്തെ യാത്രയിലെ മുഴുവന്‍ ടിക്കറ്റും ബുക്കുചെയ്തു കഴിഞ്ഞു.

Exit mobile version