മകളെ പരീക്ഷയ്ക്ക് എത്തിക്കുന്നതിനിടെ നെഞ്ചില്‍ വെടിയേറ്റു; എന്നിട്ടും ഏഴ് കിലോമീറ്ററോളം ബൈക്കോടിച്ച് മകളെ പരീക്ഷാ കേന്ദ്രത്തിലെത്തിച്ചു; ഒരച്ഛന്റെ കടമ നിര്‍വ്വഹിച്ച ഇദ്ദേഹമാണ് യഥാര്‍ത്ഥ നായകന്‍

പട്ന: ഒരച്ഛന്റെ കടമ നിര്‍വ്വഹിച്ച ഇദ്ദേഹത്തെ നായകന്‍ എന്നല്ലെ വിളിക്കേണ്ടത്. അതെ.. മകളെ പ്ലസ് ടു പരീക്ഷയ്ക്ക് എത്തിക്കുന്നതിനിടെ അച്ഛന് വെടിയേറ്റു. ആര്‍ജെഡി നേതാവ് കൂടിയായ റാം കൃപാല്‍ മഹാതോയ്ക്കാണ് വെടിയേറ്റത്. ബീഹാറിലെ ബെഗുസാരായി ജില്ലയിലാണ് സംഭവം.

വെടിയേറ്റ നാല്‍പ്പത്തിയഞ്ചുകാരനായ റാം ഇത് വകവെയ്ക്കാതെ ഏഴ് കിലോമീറ്ററോളം ബൈക്കോടിച്ച് മകളെ പരീക്ഷാ കേന്ദ്രത്തിലെത്തിച്ചു. മകള്‍ പരീക്ഷയെഴുതുമെന്ന് ഉറപ്പാക്കിയ ശേഷമാണ് അദ്ദേഹം ആശുപത്രിയിലേക്ക് പോയത്..

മകള്‍ ദാമിനി കുമാരിയെ സ്‌കൂളിലേക്ക് ബൈക്കില്‍ കൊണ്ടുപോകുമ്പോള്‍ രണ്ട് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് റാം കൃപാല്‍ മഹാതോയെ ആക്രമിച്ചത്. മകള്‍ നിലവിളിച്ചപ്പോള്‍ സംഘം കടന്നു കളഞ്ഞു. അടുത്തുള്ള ആശുപത്രിയിലേക്കു പോകാമെന്നു മകള്‍ കരഞ്ഞു പറഞ്ഞെങ്കിലും പരീക്ഷ മുടക്കേണ്ടെന്ന് പറഞ്ഞ് റാം കപാല്‍ സ്‌കൂളിലേക്ക് വണ്ടി തിരിച്ചു.

ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version