പ്രണയ ദിനത്തില്‍ സംഘപരിവാര്‍ ആക്രമിക്കാന്‍ വന്നാല്‍ ‘കാമദേവ് ദിവസ്’ ആഘോഷിക്കുകയാണ് എന്ന് പറഞ്ഞാല്‍ മതി; ബിജെപിക്ക് കൊട്ട് കൊടുത്ത് തരൂരിന്റെ പ്രണയദിനാശംസകള്‍

ന്യൂഡല്‍ഹി: പ്രണയദിനത്തില്‍ ബിജെപിക്ക് ഒരു കൊട്ട് കൊടുത്ത് ശശി തരൂര്‍ എംപിയുടെ പ്രണയദിനാശംസകള്‍. ട്വിറ്ററിലൂടെയാണ് തരൂര്‍ തന്റെ പ്രണയ ദിനാശംസകള്‍ നേര്‍ന്നത്. പ്രണയദിനം ആഘോഷിക്കവേ ഏതെങ്കിലും സംഘപരിവാര്‍ പ്രവര്‍ത്തകന്‍ നിങ്ങളെ ഭീഷണിപ്പെടുത്തിയാല്‍ നിങ്ങള്‍ ഇന്ത്യയുടെ പുരാതന ആചാരമായ കാമദേവ ദിവസം ആഘോഷിക്കുകയാണ് എന്ന് പറഞ്ഞാല്‍ മതിയെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

അതെസമയം തരൂരിന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ബിജെപി
രംഗത്ത് എത്തി. ശശി തരൂര്‍ ലവ് ഗുരുവാണ്. ആരെങ്കിലും പ്രണയദിനത്തിന്‍ എതിരെ പ്രതിഷേധിച്ചാല്‍ അദ്ദേഹം അവര്‍ക്കെതിരെ പ്രതിഷേധിക്കുമെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രണയദിന ആഘോഷങ്ങള്‍ക്ക് എതിരെ സംഘപരിവാര്‍ രംഗത്ത് വന്നിരുന്നു. ആയുധങ്ങളുമായി തെരുവിലിറങ്ങിയ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ പലയിടങ്ങളിലും അക്രമം അഴിച്ചുവിടുകയും കമിതാക്കളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. പ്രണയദിനം ആഘോഷിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണ് എന്നാണ് സംഘപരിവാര്‍ വാദം.

അതിനിടെ തെലങ്കാനയില്‍ പ്രണയദിനാഘോഷത്തിനെതിരെ എബിവിപി, ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രണയദിനാഘോഷം നടത്താനിരുന്ന പ്രദേശത്തെ സ്വകാര്യ ഹോട്ടലിലെക്ക് എബിവിപി, ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

Exit mobile version