കടലാസ് വിമാനം പറത്തി കോണ്‍ഗ്രസ്; ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാത്തതിനെതിരെ ടിഡിപി; കേന്ദ്രസര്‍ക്കാരിനെതിരെ തൃണമൂല്‍; അവസാനദിനം പാര്‍ലമെന്റിന് മുന്‍പില്‍ പ്രതിഷേധ പരമ്പര

ന്യൂഡല്‍ഹി: ലോക്‌സഭ സമ്മേളനത്തിന്റെ അവസാനദിനം പാര്‍ലമെന്റിന് മുമ്പില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധ പരമ്പര. കോണ്‍ഗ്രസും, തെലുങ്ക് ദേശം പാര്‍ട്ടിയും, തൃണമൂല്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കുന്നതിന്റെ മുന്നോടിയായാണ് കോണ്‍ഗ്രസ് നേതാക്കളും എംപിമാരും സഭാമന്ദിരത്തിന് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് എംപിമാര്‍ മോഡിയുടെയും അനില്‍ അംബാനിയുടേയും ചിത്രം പതിപ്പിച്ച കടലാസ് വിമാനങ്ങള്‍ പറത്തി പ്രതിഷേധിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. കള്ളനായ കാവല്‍ക്കാരന്റെ ഓഡിറ്റര്‍ ജനറലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വിമാനങ്ങളുടെ വിലവിവരങ്ങളടക്കം ഒഴിവാക്കിയെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ മറുവശത്ത് തെലുങ്കുദേശം പാര്‍ട്ടി എംപിമാരും തൃണമൂല്‍ എംപിമാരും പ്രതിഷേധവുമായി രംഗത്തിറങ്ങി. ആന്ധ്രയ്ക്ക് പ്രത്യേകപദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ടിഡിപിയുടെ എംപിമാര്‍ പാര്‍ലമെന്റിന് മുമ്പില്‍ ധര്‍ണ നടത്തിയത്. കേന്ദ്രസര്‍ക്കാരിനെതിരേയും മോഡിക്കെതിരേയുമായിരുന്നു തൃണമൂല്‍ എംപിമാരുടെ പ്രതിഷേധം

Exit mobile version