തൃണമൂല്‍ എംഎല്‍എ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ബിജെപി നേതാവ് മുകുള്‍ റോയ്ക്ക് എതിരെ എഫ്‌ഐആര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എംഎല്‍എ സത്യജിത് ബിശ്വാസ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ റയില്‍വേ മന്ത്രിയായ മുകുള്‍ റോയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സരസ്വതി പൂജാ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനിടെയാണ് കിഷന്‍ഗഞ്ച് എംഎല്‍എ സത്യജിത് ബിശ്വാസ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്.

സംഭവം നടന്ന ഉടന്‍ തന്നെ കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. മുകുള്‍ റോയ്‌ക്കെതിരായ നടപടിയില്‍ ബിജെപിയുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

കേസില്‍ ആദ്യം പ്രതിചേര്‍ത്ത രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുകുള്‍ റോയ്‌യെ കൂടാതെ മറ്റൊരാളെക്കൂടി പു തിയതായി പ്രതി ചേര്‍ത്തിട്ടുണ്ട്. ഇതോടെ കേസില്‍ ആകെ നാലു പ്രതികളായി. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും നിരവധി നേതാക്കളെ ബിജെപിയിലേക്ക് നയിച്ചതില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ് മുകുള്‍ റോയ്. ശാരദ ചിട്ടിഫണ്ട് അഴിമതിയിലും മുകുള്‍ റോയ് ആരോപണ വിധേയനാണ്.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് ബിജെപി ആരോപിക്കുന്നു. മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായിരുന്ന മുകുള്‍ റോയ് മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ റയില്‍വേ മന്ത്രി ആയിരുന്നു. മമതയുമായി ഇടഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് മുകുള്‍ റോയ് തൃണമൂല്‍ വിട്ട്ബിജെപിയില്‍ ചേര്‍ന്നത്.

Exit mobile version