മോഡിയുടെ ആന്ധ്ര സന്ദര്‍ശനം; പ്രതിഷേധവുമായി ബിജെപി ഇതര പാര്‍ട്ടികള്‍, പലയിടത്തും ‘മോഡി നോ എന്‍ട്രി’ ബോര്‍ഡുകള്‍

ബിജെപി ഒഴികെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും മോഡിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്

ഹൈദരാബാദ്: മോഡി വിരോധം രാജ്യമൊട്ടാകെ ആളിപ്പടരുകയാണ്. പൗരത്വ ബില്ലില്‍ അസമിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ ആന്ധ്ര പ്രദേശിലും മോഡിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. മോഡിയുടെ ആന്ധ്ര സന്ദര്‍ശനത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ‘മോഡി നോ എന്‍ട്രി’ എന്നെഴുതിയ ബോര്‍ഡുകള്‍ ഗുണ്ടൂരില്‍ പലയിടങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. അതേ സമയം സംസ്ഥാനത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ മോഡി ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന മുന്നറിയിപ്പോടെ ടിഡിപി നേതാവ് രാം മോഹന്‍ നായിഡു മോഡിക്ക് കത്തയച്ചു.

അതേ സമയം മോഡിയുടെ ആന്ധ്ര സന്ദര്‍ശനത്തിനെതിരെ ശക്തമായ ക്യാംപെയിന്‍ ആണ് നടക്കുന്നത്. രാവിലെ പത്തേമുക്കാലിന് വിജയവാഡയിലെത്തുന്ന മോഡി അവിടെ നിന്ന് ഗുണ്ടൂരില്‍ നടക്കുന്ന പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററിലാണ് യാത്ര. ബിജെപി ഒഴികെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും മോഡിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

മോഡിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വിജയവാഡയിലും ഗുണ്ടൂരിലും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലാണ് ‘മോഡി നോ എന്‍ട്രി’ എന്നെഴുതിയ കൂറ്റന്‍ ബോഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിന് പുറമേ നാളെ പൊതുജനങ്ങളെ കാണുമ്പോള്‍ വാഗ്ദാനങ്ങള്‍ മാത്രം നല്‍കി സംസ്ഥാനത്തോട് വഞ്ചന കാണിച്ചതിന് മോഡി മറുപടി പറയേണ്ടി വരുമെന്ന് രാം മോഹന്‍ നായിഡു കുറ്റപ്പെടുത്തി.

Exit mobile version