നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, റഫാലില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് എന്തിന്? നിര്‍മ്മല സീതാരാമനോട് എന്‍ റാം

ന്യൂഡല്‍ഹി: റഫാല്‍ കരാറിനെക്കുറിച്ച് ദി ഹിന്ദു പുറത്തുവിട്ട റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്ന് പറഞ്ഞ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനെതിരെ ദി ഹിന്ദു ചെയര്‍മാന്‍ എന്‍. റാം രംഗത്ത്.

പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഒരു സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല, ഇപ്പോള്‍ അവര്‍ വലിയ പ്രതിസന്ധിയിലാണ്, എങ്ങനെ അത് മൂടിവെയ്ക്കാനാകുമെന്ന് ശ്രമിക്കുകയാണ്. റഫാല്‍ ഇടപാടില്‍ ഉള്‍പ്പെടാത്ത നിങ്ങള്‍ പിന്നെന്തിനാണ് നീതീകരിക്കാനാകാത്തതിനെ മൂടിവെയ്ക്കാനും ന്യായീകരിക്കാനും ശ്രമിക്കുന്നതെന്നും നിര്‍മ്മലാ സീതാരാമനോട് എന്‍ റാം ചോദിക്കുന്നു.

റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാരുമായി അനധികൃത ഇടപെടല്‍ നടത്തിയെന്ന് റിപ്പോര്‍ട്ട് ഹിന്ദു പത്രമാണ് പുറത്തുവിട്ടത്. ഇതില്‍ എതിര്‍പ്പ് അറിയിച്ച പ്രതിരോധ വകുപ്പ് ചര്‍ച്ച ഒഴിവാക്കണമെന്നും അറിയിച്ചതായും ദ ഹിന്ദു പത്രത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍ റാം റിപ്പോര്‍ട്ട് ചെയ്തു.

റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രാന്‍സുമായി സമാന്തര വിലപേശല്‍ നടത്തിയിരുന്നുവെന്നും, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഇടപെടലുകള്‍ക്ക് സമാന്തരമായിരുന്നു ഇതെന്നും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലില്‍ പ്രതിഷേധം അറിയിച്ച് കേന്ദ്ര പ്രതിരോധ സെക്രട്ടറി ജി മോഹന്‍ കുമാര്‍ പ്രതിരോധ മന്ത്രിക്ക് നല്‍കിയ ഫയല്‍ നോട്ടിനെ മുന്‍ നിര്‍ത്തിയായിരുന്നു റിപ്പോര്‍ട്ട്.

‘എനിക്ക് നിര്‍മലാ സീതാരാമന്റെ കൈയ്യില്‍ നിന്ന് സര്‍ട്ടിഫിക്കറ്റൊന്നും ആവശ്യമില്ല. അവരിപ്പോള്‍ വലിയ കുഴപ്പത്തിലാണ്, അവരത് മറച്ചു വെക്കാനുള്ള ശ്രമത്തിലാണ്. ഞാന്‍ നിര്‍മലാ സീതാരാമന് നല്‍കുന്ന ഉപദേശം ഇത് മാത്രമാണ്, ഈ കൈമാറ്റത്തില്‍ നിങ്ങള്‍ക്ക് പങ്കില്ല. പിന്നെ എന്തിനാണ് നീതീകരിക്കാന്‍ പറ്റാത്ത ഒന്നിനെ ന്യായീകരിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നത്’- എന്‍. റാം പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

എന്നാല്‍ മോഹന്‍ കുമാര്‍ നല്‍കിയ ഫയല്‍ നോട്ടിന് അന്നത്തെ പ്രതിരോധമന്ത്രിയായ മനോഹര്‍ പരീക്കര്‍ മറുപടി നല്‍കിയിരുന്നെന്നും, ഇത് പരിഹരിക്കപ്പെട്ട ഒന്നാണെന്നുമായിരുന്നു നിര്‍മല സീതാരാമന്റെ വാദം.

യുപിഎ സര്‍ക്കാറിന്റെ കാലത്തെ റഫാല്‍ കരാര്‍ മോഡി സര്‍ക്കാര്‍ അട്ടിമറിച്ച് അനില്‍ അംബാനിക്കും മറ്റ് തല്‍പരകക്ഷികള്‍ക്കും സഹായകരമാവും വിധം മാറ്റുകയായിരുന്നെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

Exit mobile version