റാഫേല്‍ കരാര്‍; അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ മറുപടി നല്‍കിയിരുന്നു, തെളിവ് പുറത്ത്; പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയത് വിലയിരുത്തല്‍ മാത്രം, ഇടപെടലായി വ്യാഖ്യാനിക്കേണ്ടെന്ന് നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: റാഫേല്‍ കരാറില്‍ തളര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ പുതിയ കരു നീക്കുന്നു. കരാറില്‍ മോദിയുടെ ഓഫീസ് ഇടപെട്ടതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന്റെ ക്ഷീണം മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിനു പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ നല്‍കിയ മറുപടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തുവിട്ടത്.

പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാരുമായി സമാന്തര ചര്‍ച്ച നടത്തിയതിനെ എതിര്‍ത്ത സെക്രട്ടറിയുടെ കുറിപ്പ് അതിരുകടന്നതെന്നാണ് മനോഹര്‍ പരീക്കറുടെ പരാമര്‍ശം. 2016 ജനുവരി 11നാണ് ഇതു സംബന്ധിച്ച് പരീക്കര്‍ കുറിപ്പ് നല്‍കിയത്. പ്രധാനമന്ത്രിയുടെ ഓഫീസുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാനും ഇതില്‍ നിര്‍ദേശമുണ്ട്.

പ്രധാനമന്ത്രിയെ ന്യായീകരിച്ച് പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും രംഗത്തെത്തിയിരുന്നു. റാഫേലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയത് വിലയിരുത്തല്‍ മാത്രമാണ്. ഇടപെടലായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും പ്രതിരോധമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.

Exit mobile version