പ്രതിമ നിര്‍മ്മിക്കാന്‍ പൊതുഖജനാവില്‍ നിന്ന് ചെലവാക്കിയ പണം മായാവതി തിരികെ നല്‍കണമെന്ന് സുപ്രീംകോടതി

ലഖ്നൗവിലും നോയിഡയിലും ആണ് മായാവതി ആനകളുടെ പ്രതിമ സ്ഥാപിച്ചത്.

ന്യൂഡല്‍ഹി: ആനകളുടെ പ്രതിമ സ്ഥാപിക്കാന്‍ പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ച പണം ബിഎസ്പി അധ്യക്ഷ മായാവതി സ്വന്തം കൈയില്‍ നിന്ന് തിരിച്ചടയ്ക്കണമെന്ന് സുപ്രീംകോടതി. ലഖ്നൗവിലും നോയിഡയിലും ആണ് മായാവതി ആനകളുടെ പ്രതിമ സ്ഥാപിച്ചത്.

പൊതുധനം രാഷ്ട്രീയ ലക്ഷ്യത്തിനായി ചെലവഴിച്ചെന്ന് ചൂണ്ടിക്കാണിച്ച് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ബിഎസ്പിയുടെ പാര്‍ട്ടി ചിഹ്നമാണ് ആന. ആനകളുടെ പ്രതിമ കൂടാതെ സ്വന്തം പ്രതിമകളും പൊതു ഖജനാവിലെ പണം ചെലവാക്കി മായാവതി സ്ഥാപിച്ചിരുന്നു.

മായാവതിയുടെ പ്രവൃത്തി ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായുള്ള ബെഞ്ച് വ്യക്തമാക്കി. കേസ് ഏപ്രില്‍ രണ്ടിലേക്ക് മാറ്റി വെച്ചു. പൊതു തിരഞ്ഞെടുപ്പിന് ശേഷം കേസ് പരിഗണിക്കണമെന്ന് ബിഎസ്പി അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version