റാഫേല്‍ ഇടപാടില്‍ മോഡി സര്‍ക്കാര്‍ കുടുങ്ങുന്നു; പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു, സമാന്തര ചര്‍ച്ചകള്‍ നടത്തി; പ്രതിരോധ മന്ത്രിയുടെ കത്ത് പുറത്ത്

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ മോഡി സര്‍ക്കാര്‍ കുടുങ്ങുന്നു. മോഡിയുടെ വാദങ്ങള്‍ പൊളിച്ചടുക്കി തെളിവുകള്‍ പുറത്ത്. 2015 നവംബറില്‍ പ്രതിരോധ സെക്രട്ടറി വഴിവിട്ട ഇടപാടിനെ എതിര്‍ത്ത് പ്രതിരോധ മന്ത്രിക്ക് അയച്ച കത്തിന്റെ വിവരങ്ങള്‍ പുറത്ത്. പ്രധാമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാരുമായി സമാന്തര ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. അതേസമയം ഇതില്‍ എതിര്‍പ്പ് അറിയിച്ച പ്രതിരോധ വകുപ്പ് സമാന്തരചര്‍ച്ച ഒഴിവാക്കണമെന്ന് അറിയിച്ചു. ഒരു ദേശീയ മാധ്യമം പുറത്തുവിടുകയായിരുന്നു.

മുപ്പത്തിയാറ് യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി ഫ്രാന്‍സില്‍ പ്രഖ്യാപിച്ച ഉടനാണ് ചര്‍ച്ചകള്‍ നടത്തുന്നത്. ഡപ്യൂട്ടി എയര്‍മാര്‍ഷലിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമായിരുന്നു ഫ്രഞ്ച് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നത്.

2015 ഓക്ടോബര്‍ 23 ന് ഫ്രഞ്ച് സംഘത്തലവന്‍ ജനറല്‍ സ്റ്റീഫന്‍ റെബ് എഴുതിയ കത്തിലാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി ജാവേദ് അഷ്‌റഫും ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഡിപ്ലോമാറ്റിക് അഡൈ്വസര്‍ ലൂയിസ് വാസിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ചുള്ള കത്തിലെ പരാമര്‍ശമാണ് സമാന്തര ചര്‍ച്ചകളിലേക്ക് വിരല്‍ ചൂണ്ടിയത്.

ജനറല്‍ റബ്ബിന്റെ കത്ത് പ്രതിരോധ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ഇത്തരം ചര്‍ച്ചകള്‍ തങ്ങളുടെ ശ്രമങ്ങള്‍ ദുര്‍ബലപ്പെടുത്തുകയാണെന്നും ഇത് ഒഴിവാക്കണമെന്നും പ്രതിരോധ സെക്രട്ടറി അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന് അയച്ച കത്തില്‍ പറയുന്നു.

Exit mobile version