ബിജെപി നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകനെ അതിക്രൂരമായി മര്‍ദ്ദിച്ചു; റായ്പൂരില്‍ ഹെല്‍മറ്റ് ധരിച്ച് വ്യത്യസ്ത പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍

ഛത്തീസ്ഗഡിലെ റായ്പൂരിലെ ബിജെപി ജില്ലാ പ്രസിഡന്റ് രാജീവ് അഗര്‍വാളിനെതിരേയാണ് മാധ്യമപ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധം

റായ്പൂര്‍: ബിജെപി നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തി. ബിജെപി നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികള്‍ ഹെല്‍മറ്റ് ധരിച്ചെത്തി റിപ്പോര്‍ട്ട് ചെയ്താണ് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഛത്തീസ്ഗഡിലെ റായ്പൂരിലെ ബിജെപി ജില്ലാ പ്രസിഡന്റ് രാജീവ് അഗര്‍വാളിനെതിരേയാണ് മാധ്യമപ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധം.

റായ്പൂരില്‍ നടന്ന ബിജെപിയുടെ ജില്ലാതല യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പ്രാദേശിക റിപ്പോര്‍ട്ടര്‍ സുമന്‍ പാണ്ഡെയെയാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിച്ചത്. ഈ കേസില്‍ ബിജെപി റായ്പൂര്‍ ജില്ലാ പ്രസിഡന്റ് രാജീവ് അഗര്‍വാള്‍ അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി നേതാക്കള്‍ക്കെതിരെ വ്യത്യസ്ത പ്രതിഷേധ മാര്‍ഗവുമായി മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

ബിജെപി നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടി, പ്രസ് കോണ്‍ഫറന്‍സ്, യോഗങ്ങള്‍ തുടങ്ങി എന്ത് പരിപാടി ആയാലും സുരക്ഷയ്ക്ക് ഭീഷണിയായി ഇനി അവരുടെ മുന്നില്‍ നില്‍ക്കാനാവില്ലെന്നും ബിജെപി നേതാക്കളുടെ ബൈറ്റ് പോലും ഇനി മുതല്‍ ഹെല്‍മറ്റ് ധരിച്ച് മാത്രമേ എടുക്കുകയുള്ളുവെന്നും റായ്പൂര്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ദാമു അമുദാരെ ദേശീയ മാധ്യമമായ ദി പ്രിന്റിനോട് പറഞ്ഞു.

ബിജെപി നേതാക്കള്‍ക്കെതിരെയുള്ള പ്രതിഷേധത്തില്‍ നഗരത്തിലെ 500ലധികം റിപ്പോര്‍ട്ടര്‍മാരാണ് രംഗത്തുള്ളത്. ഹെല്‍മറ്റ് ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം ബൈക്ക് റാലികളും പ്രതിഷേധക്കാര്‍ സംഘടിപ്പിച്ചു. ബിജെപി ഓഫിസിന് മുന്നില്‍ പോസ്റ്ററുകള്‍ സ്ഥാപിച്ചും പ്രതിഷേധം ശക്തമാക്കുകയാണെന്ന് ദാമു പറഞ്ഞു.

അഗര്‍വാളിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുക, മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ നിയമം കൊണ്ടുവരുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. അതേ സമയം മാധ്യമപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ സംസ്ഥാന നിയമസഭയുടെ വരാനിരിക്കുന്ന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപീന്ദര്‍ ഭഗല്‍ പറഞ്ഞു.

Exit mobile version