റെയില്‍വേ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ കാത്ത് ഒരു പെണ്‍കുട്ടി ഇരിക്കുന്നു, കൂടെ അച്ഛനോ, അമ്മാവനോ ഒരാളുണ്ട്, പക്ഷെ അയാളുടെ നോട്ടം ശരിയല്ല, അവളെ രക്ഷിച്ചില്ലെങ്കില്‍..; 13കാരിയെ രക്ഷിച്ച് കലേശ്വര്‍ മണ്ഡല്‍ പറയുന്നു അനുഭവം..

ഛത്തീസ്ഗഢ്: നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികളെ തട്ടികൊണ്ട് പോകുന്നത് പുത്തരിയല്ല. ഇവിടെ ഇതാ ഒരു 13കാരിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിക്കുന്നതില്‍ നിന്ന് രക്ഷിച്ച കഥയാണ് വൈറലാകുന്നത്. കലേശ്വര്‍ മണ്ഡല്‍ എന്ന ആളാണ് ഈ കഥയിലെ നായകന്‍..

റെയില്‍വേ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ കാത്ത് ഒരു പെണ്‍കുട്ടി ഇരിക്കുന്നു.കൂടെ അച്ഛനോ, അമ്മാവനോ മറ്റ് ബന്ധുക്കളിലാരെങ്കിലുമോ ആകും ഒരാളുണ്ട്. പക്ഷെ, കലേശ്വര്‍ മണ്ഡല്‍ അയാളെ ഒന്ന് കൂടുതല്‍ ശ്രദ്ധിച്ചു. പിന്നീട് ഒന്നും ആലോചിച്ചില്ല ഏതാനും മണിക്കൂറുകള്‍ക്കം അവളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചയാളുടെ കൈയില്‍ നിന്നും രക്ഷപെടുത്തുകയും ചെയ്തു.

കലേശ്വര്‍ മണ്ഡല്‍, ‘കാമ്പയിന്‍ ഫോര്‍ റൈറ്റ് ടു എജുക്കേഷന്‍’ സംസ്ഥാന കോര്‍ഡിനേറ്ററാണ്. കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണദ്ദേഹം. അന്ന് അദ്ദേഹം രക്ഷപെടുത്തിയ 13 വയസുള്ള ആ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഓഫീസില്‍ സുരക്ഷിതമായി എത്തി. കൂടെയുണ്ടായിരുന്ന ഗുരു ചരണ്‍ സിംഗ് എന്ന ആളാകട്ടെ പെണ്‍കുട്ടിയെ കടത്തിയതിന് തടവിലുമായി.

കലേശ്വര്‍ മണ്ഡല്‍ പറയുന്നു…

‘ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ തന്നെ എനിക്കെന്തോ ഒരു അപകടം മണത്തു. അവള്‍ പറഞ്ഞത് അവള്‍ ഡല്‍ഹിയിലേക്ക് പോകുന്നുവെന്നാണ്. പക്ഷെ, കൂടെയുള്ള ആളെ കുറിച്ച് അവള്‍ക്ക് യാതൊരു വിധത്തിലുള്ള ഐഡിയയും ഉണ്ടായിരുന്നില്ല. ഞാന്‍ റെയില്‍വേ പോലീസിനെ വിവരം അറിയിക്കുകയും കുട്ടിയെ ശിശു ക്ഷേമ വകുപ്പിലെത്തിക്കുകയും ചെയ്തു. റെയില്‍വേ പോലീസ് വേണ്ട പോലെ വിഷയം കൈകാര്യം ചെയ്തു. കുട്ടിയുടെ കൂടെ ഉണ്ടായിരുന്നയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.’

അന്വേഷണത്തില്‍ ഛത്തീസ്ഗഢിലെ ഒരു ജില്ലയില്‍ വെച്ച് ഒരു സ്ത്രീയാണ് കുട്ടിയെ ഗുരുചരണ്‍ സിങ് എന്നയാള്‍ക്ക് കൈമാറിയതെന്ന് മനസിലായി. ഡഹിയിലേക്ക് പെണ്‍കുട്ടിയെ കടത്താന്‍ ശ്രമിക്കുകയായിരുന്നു അയാള്‍. പിറ്റേന്ന്, ഗുരുചരണിനെ കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയെ ജാഷ്പൂരിലുള്ള സ്വന്തം വീട്ടിലെത്തിക്കാനുള്ള നടപടിയും തുടങ്ങി. കുട്ടിയെ വീട്ടിലെത്തിക്കുന്നതോടൊപ്പം അവളുടെ വീട്ടുകാരെയും ചുറ്റുമുള്ളവരെയും സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള നടപടിയും ചെയ്യുന്നുണ്ടായിരുന്നു. ഏജന്റുമാരെയും ഇടനിലക്കാരെയും പൂട്ടാനുള്ള ശ്രമങ്ങളും നടത്തി.

ഇങ്ങനെ നിരവധി കുട്ടികളാണ് കലേശ്വര്‍ മണ്ഡലിന്റെ ഇടപെടലിലൂടെ രക്ഷപെട്ടിട്ടുള്ളത്. വര്‍ഷങ്ങളായി ഝാര്‍ഖണ്ഡിലെ ആദിവാസി മേഖലകളില്‍ നിന്ന് കുട്ടികളെ കാണാതാവുന്നുണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 2016 -ല്‍ തന്നെ 679 കുട്ടികളെ ജാര്‍ഖണ്ഡില്‍ നിന്നും കാണാതായിട്ടുണ്ട്. കണക്കുകള്‍ ഇതിലും വളരെ കൂടുതലായിരിക്കും എന്നാണ് പറയുന്നത്.

Exit mobile version