‘ന്യൂഡല്‍ഹിയില്‍ എസി മുറിയില്‍ ഇരിക്കുന്നവര്‍ക്ക് പാവപ്പെട്ട കര്‍ഷകന് ലഭിക്കുന്ന 6000 രൂപയുടെ വിലയറിയില്ല’; കോണ്‍ഗ്രസിന് മറുപടിയുമായി പ്രധാനമന്ത്രി മോഡി

ശ്രീനഗര്‍: കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തെത്തിയവര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയില്‍ എസി റൂമുകളില്‍ ഇരിക്കുന്നവര്‍ക്ക് പാവപ്പെട്ടവനായ കര്‍ഷകന് ലഭിക്കുന്ന 6,000 രൂപയുടെ വില മനസിലാകില്ല എന്ന് മോഡി പറയുന്നു. ജമ്മുകശ്മീരില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കര്‍ഷകര്‍ക്ക് 6,000 രൂപ നല്‍കും എന്ന പ്രഖ്യാപനത്തെ രൂക്ഷമായാണ് രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും വിമര്‍ശിച്ചത്.

ഒരു വര്‍ഷം ആറായിരം എന്ന് പറയുമ്പോള്‍ പ്രതിദിനം കര്‍ഷകന് ലഭിക്കുന്നത് 17 രൂപയാണ് എന്നും അത് അവരെ അപമാനിക്കുന്നതിന് തുല്യമാണ് എന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അഞ്ച് വര്‍ഷത്തെ നിങ്ങളുടെ കഴിവില്ലായ്മയും ധിക്കാരം നിറഞ്ഞ ഭരണവും കര്‍ഷകരുടെ ജീവിതം നശിപ്പിച്ചു എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

രണ്ട് ഹെക്ടറില്‍ താഴെ ഭൂമി ഉള്ള കര്‍ഷകര്‍ക്ക് പ്രതി വര്‍ഷം 6000 രൂപ നല്‍കും എന്നാതായിരുന്നു ബജറ്റില്‍ പിയുഷ് ഗോയലിന്റെ പ്രഖ്യാപനം. പണം മൂന്ന് ഗഡുക്കളായി ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിക്കുക. ഇതിന്റെ ഗുണം 12 കോടി കര്‍ഷക കുടുംബത്തിന് ലഭിക്കും.

Exit mobile version