ഡാറ്റാബേസ് തയ്യാറാക്കാനായി കന്നുകാലികള്‍ക്ക് ബാര്‍ക്കോഡ് സംവിധാനം; പശു സംരക്ഷണത്തിന് പുത്തന്‍ മാര്‍ഗവുമായി യോഗി സര്‍ക്കാര്‍

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടെക്നോളജിയും പശുക്കളെ തിരിച്ചറിയാന്‍ ഉപയോഗിക്കുമെന്നും അടച്ചിട്ടിരിക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഇവയുടെ ഷെല്‍ട്ടര്‍ ആയി ഉപയോഗിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു

ലഖ്നൗ: തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളെ സംരക്ഷിക്കാനായി പുത്തന്‍ മാര്‍ഗവുമായി യോഗി സര്‍ക്കാര്‍ രംഗത്ത്. കന്നുകാലികള്‍ക്ക് ബാര്‍ക്കോഡ് സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. തെരുവില്‍ അലഞ്ഞു നടക്കുന്ന കന്നുകാലികളുടെ ഡാറ്റാബേസ് തയ്യാറാക്കാന്‍ വേണ്ടിയാണിത്.

പശുക്കളുടെ ചെവിയില്‍ പഞ്ചിംഗ് ലേബല്‍ പതിപ്പിച്ചാണ് കണക്കെടുപ്പ് നടത്തുന്നത്. ഇതിലൂടെ തെരുവില്‍ അലയുന്ന കന്നുകാലികളെ ഗോസംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് വെറ്റിനറി ഓഫീസറായ തേജ് സിംഗ് യാദവ് പറഞ്ഞു.

തെരുവില്‍ അലയുന്ന കന്നുകാലികള്‍ അപകടങ്ങള്‍ക്ക് കാരണമാവുകയും കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. 2017 ല്‍ ഉത്തര്‍പ്രദേശില്‍ പശുവിനെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിരുന്നു. ഇതേ തുടര്‍ന്ന് പാല്‍ ലഭിക്കാതെ വരുന്ന പശുക്കളെ കര്‍ഷകര്‍ തെരുവില്‍ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് വഴിയാത്രക്കാര്‍ക്കും കര്‍ഷകര്‍ക്കും വന്‍ശല്യമാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ടു തന്നെ ഇവയെ കണ്ടെത്തി ഗോശാലയില്‍ എത്തിക്കാന്‍ സാധിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ പറ്റുമെന്നും തേജ് സിംഗ് യാദവ് പറഞ്ഞു.

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടെക്നോളജിയും പശുക്കളെ തിരിച്ചറിയാന്‍ ഉപയോഗിക്കുമെന്നും അടച്ചിട്ടിരിക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഇവയുടെ ഷെല്‍ട്ടര്‍ ആയി ഉപയോഗിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പശു സംരക്ഷണത്തിനായി യോഗി സര്‍ക്കാര്‍ 16 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കായി പത്ത് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്ന് ബിജെപി വക്താവ് മനീഷ് ശുക്ല വ്യക്തമാക്കി. ഓരോ ജില്ലയിലും ഗോശാല നിര്‍മ്മാണത്തിനായി 1.2 കോടിയും മാറ്റിവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version