സിബിഎസ്ഇ പരീക്ഷ: അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ //cbse.nic.in ല്‍ അഡ്മിറ്റ് കാര്‍ഡ് അപ്ലോഡ് ചെയ്തിട്ടുണ്ട്

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (സിബിഎസ്ഇ) 10, 12 ക്ലാസ് പരീക്ഷകള്‍ക്കുളള അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ //cbse.nic.in ല്‍ അഡ്മിറ്റ് കാര്‍ഡ് അപ്ലോഡ് ചെയ്തിട്ടുണ്ട്.

സ്‌കൂളുകള്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാവുന്നതാണ്. അഡ്മിറ്റ് കാര്‍ഡുകള്‍ സ്‌കൂളുകള്‍ക്ക് മാത്രമേ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയൂ, വിദ്യാര്‍ത്ഥികള്‍ക്ക് കഴിയില്ല. സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ലഭിക്കുന്നതാണ്.

അഡ്മിറ്റ് കാര്‍ഡ് വാങ്ങിയശേഷം വിദ്യാര്‍ത്ഥികള്‍ പരിശോധിക്കേണ്ടതാണ്. എക്‌സാം റോള്‍ നമ്പര്‍, ജനന തീയതി (10-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം), പരീക്ഷയുടെ പേര്, വിദ്യാര്‍ത്ഥിയുടെ പേര്, മാതാവിന്റെ പേര്, പിതാവിന്റെ അല്ലെങ്കില്‍ രക്ഷകര്‍ത്താവിന്റെ പേര്, പരീക്ഷ സെന്റര്‍, പിഡബ്ല്യുഡി കാറ്റഗറി, അഡ്മിറ്റ് കാര്‍ഡ് ഐജി, പരീക്ഷ വിഷയം തുടങ്ങിയ വിവരങ്ങള്‍ അഡ്മിറ്റ് കാര്‍ഡില്‍ ഉണ്ടായിരിക്കും.

വിദ്യാര്‍ത്ഥികള്‍ 10 മണിക്കു മുന്‍പായി പരീക്ഷ സെന്ററില്‍ ഹാജരാകണം. 10.10 ന് ശേഷം വരുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷ ഹാളിനകത്തേക്ക് പ്രവേശിപ്പിക്കില്ല. അഡ്മിറ്റ് കാര്‍ഡിനൊപ്പം സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡും വിദ്യാര്‍ത്ഥികള്‍ എല്ലാ പരീക്ഷകള്‍ക്കും കൊണ്ടുവരേണ്ടതാണ്.
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 നാണ് തുടങ്ങുക. 10-ാം ക്ലാസ് പരീക്ഷയ്ക്ക് ഫെബ്രുവരി 21 ന് തുടക്കമാകും

Exit mobile version