ഇത് ഞങ്ങളുടെ മകന്‍! കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമെന്ന ദമ്പതികളുടെ പരാതിയില്‍ ധനുഷിന് നോട്ടീസ്

ധനുഷ് ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നാണ് ചൂണ്ടിക്കാട്ടി മധുരൈ ജില്ലയിലെ മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികള്‍ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്.

ചെന്നൈ: തമിഴ് നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ നല്‍കിയ പരാതിയില്‍ നടന് വീണ്ടും നോട്ടീസ്. ധനുഷ് ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നാണ് ചൂണ്ടിക്കാട്ടി മധുരൈ ജില്ലയിലെ മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികള്‍ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസില്‍ തുടര്‍ന്നുള്ള നടപടികള്‍ക്കായി കോടതി നടന് നോട്ടീസ് അയച്ചു.

അതേസമയം, നേരത്തെ മീനാക്ഷി-കതിരേശന്‍ ദമ്പതികള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചാണ് ഹര്‍ജി തള്ളിയത്.

ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടു പോയതാണെന്നും ആരോപിച്ചാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. 1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ഥ പേര് കാളികേശവന്‍ ആണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമാമോഹം തലയ്ക്കുപിടിച്ച് ചെന്നൈയിലേക്ക് പോവുകയായിരുന്നുമെന്നാണ് ഇവര്‍ പറയുന്നത്.

ധനുഷിനെ സംവിധായകന്‍ കസ്തൂരി രാജ കൈക്കലാക്കുകയായിരുന്നുമെന്നാണ് ഇവരുടെ ആരോപണം. ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനന സര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള രേഖകളും ദമ്പതിമാര്‍ ഹാജരാക്കിയിരുന്നു. ധനുഷിന്റെ കൈമുട്ടില്‍ കറുത്ത അടയാളവും തോളെല്ലില്‍ കാക്കപ്പുള്ളിയുണ്ടെന്നുമാണ് ദമ്പതികള്‍ ഹാജരാക്കിയ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നത്.

എന്നാല്‍ ധനുഷിന്റെ ശരീരത്തില്‍ പ്രാഥമിക പരിശോധനയില്‍ ഈ രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ധനുഷ് ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സവഴി മായ്ച്ചുവെന്നായിരുന്നു ദമ്പതികളുടെ ആരോപണം. തുടര്‍ന്ന് മധുരൈ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ എംആര്‍ വൈരമുത്തു രാജാ, മീനാക്ഷി സുന്ദരം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ധനുഷിന്റെ ശരീരത്തില്‍ ഈ അടയാളങ്ങള്‍ ഇല്ലെന്ന് കണ്ടെത്തി. മാതാപിതാക്കളായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം.

Exit mobile version