പാട്ടിലെ വരികളില്‍ ‘മോഡി’ ആവര്‍ത്തനം; പാ രഞ്ജിത്തിന്റെ ബാന്റിനെ വിലക്കി പോലീസ്! അത്രയ്ക്കും മോശപ്പെട്ട വാക്കാണോ എന്ന് സോഷ്യല്‍മീഡിയ

സാംസ്‌കാരിക പരിപാടിക്കാണ് അനുമതി നല്‍കിയതെന്നും എന്നാല്‍, പ്രധാനമന്ത്രിയെ കുറിച്ച് പാടിയതോടെ രാഷ്ട്രീയമായ കാര്യങ്ങളിലേക്ക് പരിപാടി മാറിയെന്നും പോലീസ് പറയുന്നു.

ചെന്നൈ: പാട്ടിലെ വരികളില്‍ മോഡി എന്ന് ആവര്‍ത്തിക്കുന്നുവെന്നാരോപിച്ച് പാ രഞ്ജിത്തിന്റെ ബാന്റിനെ പോലീസ് വിലക്കി. പാട്ടില്‍ മുഴുനീളെ മോഡി എന്ന് പ്രത്യക്ഷപ്പെടുന്നുവെന്ന് കാണിച്ചാണ് നടപടി. സംവിധായകന്‍ പാ രഞ്ജിത്തിന്റെ കാസ്റ്റ്‌ലെസ് കളക്ടീവ് എന്ന ബാന്റിനെയാണ് പാട്ട് പാടുന്നതില്‍ നിന്ന് തമിഴ്‌നാട് പോലീസ് തടഞ്ഞത്. ചെന്നൈയില്‍ നടന്ന ജാതിരഹിത കൂട്ടായ്മയ്ക്കിടയിലായിരുന്നു സംഭവം.

ഇതിനെതിരെ സോഷ്യല്‍മീഡിയ രംഗത്തെത്തിയിട്ടിട്ടുണ്ട്. മോഡി എന്നത് അത്രയ്ക്ക് മോശപ്പെട്ട വാക്കാണോ എന്നാണ് ആരായുന്നത്. പോലീസ് നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബാന്റിന്റെ പ്രകടനത്തിനിടയില്‍ മോഡി എന്ന് പേര് ആവര്‍ത്തിച്ച് കടന്നു വന്നതോടെ പരിപാടി നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. സാംസ്‌കാരിക പരിപാടിക്കാണ് അനുമതി നല്‍കിയതെന്നും എന്നാല്‍, പ്രധാനമന്ത്രിയെ കുറിച്ച് പാടിയതോടെ രാഷ്ട്രീയമായ കാര്യങ്ങളിലേക്ക് പരിപാടി മാറിയെന്നും പോലീസ് പറയുന്നു.

എന്നാല്‍, രാജ്യത്തിന്റെ ആകെയുള്ള അവസ്ഥയെ കുറിച്ചാണ് തങ്ങള്‍ പാടിയതെന്ന് കാസ്റ്റ്‌ലെസ് കളക്ടീവ് പറഞ്ഞു. മോഡി എന്നത് ലളിത് മോഡിയോ നീരവ് മോഡിയോ ഒക്കെ ആകാം. നരേന്ദ്ര മോഡിയെ തന്നെ ആകണം എന്നുണ്ടോ…? പോലീസിന്റെ നടപടി ആവിഷ്‌കാര സ്വതന്ത്ര്യത്തിനന്മേലുള്ള കടന്ന് കയറ്റമാണെന്നും സംഘാടകര്‍ കുറ്റപ്പെടുത്തി. നേരത്തെ, ശബരിമലയിലെ യുവതീപ്രവേശത്തെ അനുകൂലിച്ച് രംഗത്തെത്തിയ സംഘമാണ് കാസ്റ്റ്‌ലെസ് കളക്ടീവ്.

Exit mobile version