‘പികെ റോസിയുടെ കാലത്ത് ഡബ്ല്യൂസിസി ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് വീടുവിട്ട് ഓടിപ്പോകേണ്ടി വരില്ലായിരുന്നു’; പാ രഞ്ജിത്ത്

ആദ്യ ദളിത് അഭിനേത്രിയായ പികെ റോസിയില്‍ നിന്നാണ് സിനിമയിലെ സ്ത്രീകളുടെ പോരാട്ടം ആരംഭിക്കുന്നത്

മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവകാശം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന രണ്ട് വര്‍ഷം തികച്ചിരിക്കുകയാണ്. സംഘടനയുടെ രണ്ടാം വാര്‍ഷികത്തില്‍ തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത് സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ ആക്രമണത്തിന് ഇരയാവുകയും നാട് കടത്തപ്പെടുകയും ചെയ്ത ദളിത് സ്ത്രീ പികെ റോസിയുടെ ജീവിതം ഓര്‍മ്മിപ്പിച്ചാണ് വേദിയില്‍ സംസാരിച്ചത്. അവരുടെ കാലത്ത് ഇത്തരത്തില്‍ ഒരു കൂട്ടായ്മ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്കെതിരെ നടന്ന അനീതിയ്ക്കെതിരേ എതിര്‍പ്പുകള്‍ ഉയര്‍ന്നേനേ എന്ന് രഞ്ജിത്ത് പറഞ്ഞു.

‘ആദ്യ ദളിത് അഭിനേത്രിയായ പികെ റോസിയില്‍ നിന്നാണ് സിനിമയിലെ സ്ത്രീകളുടെ പോരാട്ടം ആരംഭിക്കുന്നത്. അവരുടെ കാലത്ത് ഡബ്ല്യൂസിസി എന്ന സംഘടന ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്കൊപ്പം നിന്നേനെയെന്നും അങ്ങനെ ആയിരുന്നെങ്കില്‍ അവര്‍ക്ക് അന്ന് തന്റെ വീട് വിട്ട് ഓടിപ്പോകേണ്ടി വരില്ലായിരുന്നു’ പാ രഞ്ജിത്ത് പറഞ്ഞു. സ്ത്രീകള്‍ അവരുടെ കഥകള്‍ എഴുതിത്തുടങ്ങേണ്ട കാലമാണിതെന്നും രഞ്ജിത്ത് പറഞ്ഞു.

അതേസമയം സംഘടനയുടെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഡബ്ല്യൂസിസി പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. wccollective.org എന്ന് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ചരിത്രവും വിവരങ്ങളും, മെമ്പര്‍ഷിപ്പ് എടുക്കാനുള്ള സൗകര്യം എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version