അവര്‍ക്ക് ‘ബൈപൊളാര്‍ ഡിസോര്‍ഡര്‍’, രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനാവില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയപ്രവേശനത്തില്‍ താളം തെറ്റിയും വിമര്‍ശിച്ചും മതിവരാതെ ബിജെപി!

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗിയയും രംഗത്തെത്തിയിരുന്നു.

ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തില്‍ അടിമുടി താളം തെറ്റിയും വിമര്‍ശിച്ചും മതിവരാതെ ബിജെപി നേതൃത്വം. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രിയങ്കയ്‌ക്കെതിരെ വ്യാപക വിമര്‍ശനങ്ങളും അധിക്ഷേപ പരാമര്‍ശങ്ങളുമാണ് ബിജെപി നേതാക്കള്‍ നടത്തുന്നത്. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നും ചോക്ലേറ്റ്മുഖം മാത്രം വെച്ച് രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ബിജെപി നേതാക്കളുടെ വിമര്‍ശനം.

ഇതിനു പിന്നാലെ പ്രിയങ്കയ്ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുന്നത് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. പ്രിയങ്കാ ഗാന്ധിക്ക് ബൈപ്പോളാര്‍ ഡിസോര്‍ഡര്‍ ആണെന്നും അവര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നുമായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശം. ”വിചിത്രമായ സ്വഭാവ രീതിയായ ബൈപ്പോളാര്‍ ഡിസോഡറിന് അടിമയാണ് പ്രിയങ്കാ ഗാന്ധി. അവരുടെ ഈ രോഗം കാരണം അവര്‍ക്ക് ഒരു പൊതു ജീവിതം നയിക്കാന്‍ ആവില്ല. അവരുടെ മാനസിക നില തെറ്റുന്നത് ജനങ്ങള്‍ക്ക് അറിയാനാവും. വിഷാദാവസ്ഥയേക്കാള്‍ ഗുരുതരമായ അസുഖമാണ് അവര്‍ക്കുള്ളത്. ജനങ്ങള്‍ക്ക് വൈകാതെ അത് മനസിലാകും”- സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗിയയും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് സ്വന്തം നേതാക്കള്‍ ഇല്ലാത്തതുകൊണ്ടാണ് ചോക്ലേറ്റ് മുഖങ്ങളെ തേടുന്നതെന്നായിരുന്നു കൈലാഷിന്റെ പരിഹാസം. പ്രിയങ്കയുടെ സൗന്ദര്യം വോട്ടായി മാറില്ലെന്നായിരുന്നു ബീഹാര്‍ മന്ത്രി വിനോദ് നരേന്റെ പരിഹാസം. ഇത് വലിയ വിവാദത്തിലേയ്ക്കാണ് വഴിവെച്ചത്.

Exit mobile version