ഇത് തൊഴിലാളികളുടെ ചരിത്ര വിജയം.. 20 വര്‍ഷമായി ഐടി മേഖലയില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്ക് അന്ത്യം

ബംഗളൂരു: കര്‍ണാടകയിലെ ഐടി മേഖലയില്‍ കൂടുതല്‍ കോര്‍പറേറ്റ് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനെന്നപേരില്‍ 20 വര്‍ഷമായി തുടരുന്ന തൊഴില്‍ ചൂഷണങ്ങള്‍ക്ക് അന്ത്യം കുറിക്കുന്നു. ഐടി തൊഴിലാളികളുടെ റെജിസ്‌ട്രേഡ് ട്രേഡ് യൂണിയനായ കര്‍ണാടക സ്റ്റേറ്റ് ഐടി / ഐടിഇഎസ് എംപ്ലോയ്സ് യൂണിയന്‍ (കെഐടിയു) നടത്തിയ സമരങ്ങളാണ് സര്‍ക്കാരിനെ മാറ്റി ചിന്തിപ്പിച്ചത്. തൊഴില്‍ നിയമങ്ങളില്‍ നിന്ന് ഐടി മേഖലയെ ഒഴിവാക്കി കൊണ്ട് 2014 ജനവരിയില്‍ ഇറക്കിയ ഉത്തരവാണ് കഴിഞ്ഞ ദിവസം അനസാനിച്ചത്.

കെഐടിയു പ്രതിനിധികളെയും നാസ്‌കോം പ്രതിനിധികളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ത്രികക്ഷി ചര്‍ച്ചയാണ് പുതിയ മാറ്റത്തിലേക്ക് വഴിവെച്ചത്. നേരത്തെ കെഐടിയു പ്രതിനിധികള്‍ ലേബര്‍ സെക്രട്ടറിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയും സ്റ്റാന്‍ഡിങ് ഓര്‍ഡേര്‍സ് ആക്ടില്‍ നിന്നും ഐടി മേഖലയ്ക്ക് നല്‍കി വരുന്ന ഇളവ് നീട്ടി നല്‍കരുത് എന്ന് ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റ തുടര്‍ച്ചയായിരുന്നു കഴിഞ്ഞദിവസം നടന്ന ത്രികക്ഷി ചര്‍ച്ച.

സാധാരണ തൊഴില്‍ മേഖലകളുടെ നിയമങ്ങളില്‍ നിന്നും ഐടി മേഖലയെ വേര്‍തിരിച്ച് നിര്‍ത്തുന്ന സമ്പ്രദായമായിരുന്നു നില നിന്നിരുന്നത്. യാതൊരു മാനദണ്ഡവുമില്ലാതെയുള്ള കൂട്ടപിരിച്ചുവിടലുകളോടും തൊഴില്‍ മേഖലയിലെ കടുത്ത അരക്ഷിതാവസ്ഥയോടും പടവെട്ടിയാണ് തൊഴിലാളികള്‍ സമരം നടത്തിയത്.

ഐടി മേഖലയിലെ തൊഴില്‍ ചൂഷണങ്ങള്‍ക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് നേരത്തേയും കെഐടിയു സമരം നടത്തിയിരുന്നു. ജനുവരി 7,8 തിയതികളിലായി നടന്ന ദേശീയ പൊതുപണിമുടക്കിനോടനുബന്ധിച്ചു സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കെഐടിയുവിന്റെ നേതൃത്വത്തില്‍ നൂറു കണക്കിന് തൊഴിലാളികള്‍ ബംഗളൂരു നഗരത്തില്‍ ബൈക്ക് റാലി നടത്തിയിരുന്നു.

Exit mobile version